വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി നാളെ പരിഗണിക്കും
June 13, 2022
0
കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബു നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കാന്‍ മാറ്റി. അതേസമയം വിദേശത്ത് തുടരുന്ന വിജയ് ബാബു ഇന്ന് എത്തും എന്നാണ് കോടതിയെ അറിയിച്ചിരുന്നതെങ്കിലും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കോടതി വിജയ് ബാബു നാട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കഴിഞ്ഞ ദിവസവും മാറ്റിയിരുന്നു.
വിദേശത്തുള്ള വിജയ് ബാബു നാട്ടില്‍ എത്താതെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കാന്‍ ആകില്ലെന്ന് കോടതി നേരത്തെ വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍
ഇടക്കാല ഉത്തരവ് വേണമെന്നാണ് വിജയ് ബാബുവിന്റെ വാദം. നിലവില്‍ ദുബായിലുള്ള വിജയ് ബാബു ഇന്ന് കൊച്ചിയില്‍ തിരിച്ചുവരും എന്നായിരുന്നു ഹൈക്കോടതിയെ അറിയിച്ചിരുന്നതെങ്കിലും യാത്ര മാറ്റിയതായി അഭിഭാഷകന് കോടതിയെ അറിയിച്ചു. വിമാനത്താവളത്തില്‍ എത്തിയാല്‍ പോലീസ് അറസ്റ്റിന് ശ്രമിക്കുന്ന സാഹചര്യത്തിലാണ് യാത്ര മാറ്റിയത്. നിയമത്തിന്റെ കണ്ണില്‍ നിന്ന് ഒളിച്ചോടിയ ആളാണ് വിജയ് ബാബു എന്നും അറസ്റ്റ് അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരിയും കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗികബന്ധമെന്ന് വിജയ് ബാബു
ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് എന്നാണ് വിജയ് ബാബു കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. നടിയുമായുളള വാട്സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയതെന്നുമാണ് വിജയ് ബാബുവിന്റെ നിലപാട്. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കില്‍ നടി ഏപ്രില്‍ 12 എത്തിയിരുന്നു. ഇവിടെ വച്ച് ഭാര്യയുമായി സംസാരിച്ചതിന്റെ സിസിടിവി ദ്യശ്യങ്ങളുണ്ട്. പീഡനം നടന്നെന്നു പറയുന്ന തീയതിക്കു ശേഷമാണ് ഇത്. ഏപ്രില്‍ 14ന് നടി മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റില്‍ വന്നിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് നടി ഇവിടെ വെച്ച് ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു കോടതിയില്‍ നല്കിയ രേഖകളില്‍ വ്യക്തമാക്കുന്നുണ്ട്. ദുബായ് സര്‍ക്കാര്‍ നല്കുന്ന ഗോള്‍ഡന്‍ വിസയ്ക്കു വേണ്ടി പേപ്പറുകള്‍ ശരിയാക്കാനാണ് ഏപ്രില്‍ 24 ന് താന്‍ ദുബായിലെത്തിയത് എന്നും വിജയ് ബാബു പറയുന്നു.
Tags