ഡിവൈഎഫ്ഐ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി
June 15, 2022
0
മുട്ടന്നൂര് : മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകന് എതിരെ ഡി വൈ എഫ് ഐ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി എം ഷാജര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഇതിനിടെ മുട്ടന്നൂര് യു പി സ്കൂള്‍ മാനേജ്മെന്റ് ഫര്സിന് മജീദിനെ 15 ദിവസത്തേക്ക് സസ്പെന്റ് ചെയ്തു.
അധ്യാപകനായ ഫര്സിന് മജീദ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യാന്‍ ആണ് ശ്രമിച്ചത് എന്ന് ആരോപിച്ചാണ് സ്കൂളിലേക്ക് ഡി വൈ എഫ് ഐ യും എസ് എഫ് ഐ യും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. എടയന്നൂരിലെ മുട്ടന്നൂര് യു പി സ്കൂള്‍ ഗേറ്റില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു.
ഡിവൈഎഫ്ഐ യുടെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ല സെക്രട്ടറി എം ഷാജര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുന്നവരെ പ്രതിരോധിക്കാന്‍ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങും എന്ന് വ്യക്തമാക്കി.
അധ്യാപകനായ ഫര്സിന് മജീദിനെതിരെ വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ അന്വേഷണത്തിനായി ഡിഡിഇ, കെ ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളില്‍ എത്തി. അധ്യാപകന്റെ സര്‍വീസ് രേഖകളും ഹാജര്‍ പുസ്തകവും പരിശോധിച്ചു. അധ്യാപകന് എതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളെ ടി സി വാങ്ങി കൊണ്ടുപോകുമെന്ന് മുന്നറിയിപ്പുമായി രക്ഷിതാക്കളും സ്കൂളില്‍ എത്തി.