തദ്ദേശ സ്ഥാപനങ്ങള്‍ തൊഴില്‍ സഭകള്‍ ചേരണം: മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍
June 11, 2022
0
തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴില്‍ സഭകള്‍ ചേരണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും മയ്യില്‍ ഐ ടി എം കോളേജും സംയുക്തമായി മയ്യില്‍ കോളേജില്‍ സംഘടിപ്പിച്ച 'ലക്ഷ്യ 2022' മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമസഭകളില്‍ പഴയതുപോലെ ഇപ്പോള്‍ ആളുകള്‍ എത്തുന്നില്ല. കാരണം, കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചതോടെ ജനങ്ങളുടെ പരാതി കുറഞ്ഞിരിക്കുന്നു. ഇനി ഗ്രാമസഭകള്‍ക്ക് പുറമെ തൊഴില്‍ സഭകള്‍ ചേരണം. ഇതിലൂടെ ആവശ്യക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും മാര്‍ഗനിര്‍ദ്ദേശം നല്‍കാനും സാധിക്കും. ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന നിലയില്‍ ജോലി നല്കാന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 'എന്റെ തൊഴില്‍ എന്റെ അഭിമാനം ' എന്ന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പഠനത്തിലൂടെ 35 ലക്ഷം പേര് കേരളത്തില്‍ തൊഴില്‍ തേടുന്നതായി വ്യക്തമായി. ഇതില്‍ 20 ലക്ഷം പേര്‍ക്ക് നാല് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ തൊഴില്‍ ലഭ്യമാക്കും- മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു.
ഐ ടി, ആരോഗ്യം, ബാങ്കിംഗ്, എഞ്ചിനീയറിംഗ്, ഓട്ടോമൊബൈല്‍, അഡ്മിനിസ്ട്രേഷന് തുടങ്ങിയ മേഖലകളിലെ 35 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. വടക്കന്‍ കേരളത്തില്‍ നിന്നുള്ള 600 ഓളം ഉദ്യോഗാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കോളേജില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ രമേശന് കുനിയില്‍ ആമുഖ ഭാഷണം നടത്തി. കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി റെജി, ഹിറ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സി അബ്ദുള്‍ ജബ്ബാര്‍, ഐ ടി എം ഇന്സ്റ്റിറ്റിയൂഷന് ഗ്രൂപ്പ് സി ഒ ഒ, കെ കെ മുഹമ്മദ് ജൗഹര്‍, കണ്ണൂര്‍ എംപ്ലോയിബിലിറ്റി സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍ ആഞ്ചലിയ ഡിസൂസ, പ്രിന്‍സിപ്പല്‍ കെ കെ മുനീര്‍, കോളേജ് പ്ലേസ്മെന്റ് കോ-ഓര്‍ഡിനേറ്റര്‍ ലിയോ സക്കറിയ എന്നിവര്‍ സംസാരിച്ചു.
Tags