സ്ത്രീകള്‍ക്കായി ഒരിടം; പറശ്ശിനിക്കടവില്‍ ഷീ ലോഡ്ജ് ഒരുങ്ങുന്നു
June 17, 2022
0
വിവിധ ആവശ്യങ്ങള്‍ക്കായി പറശ്ശിനിക്കടവിലെത്തുന്ന സ്ത്രീകള്‍ക്ക് ഇനി സമാധാനമായി വിശ്രമിക്കാം. സുരക്ഷിത വിശ്രമ കേന്ദ്രം എന്ന ലക്ഷ്യത്തോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഷീ ലോഡ്ജ് ഒരുക്കുകയാണ് ആന്തൂര്‍ നഗരസഭ.
പറശ്ശിനിക്കടവ് ബസ്സ്റ്റാന്‍ഡിനോട് ചേര്‍ന്ന നഗരസഭയുടെ മൂന്ന് നില കെട്ടിടത്തിലാണ് ഷീ ലോഡ്ജ് ഒരുങ്ങുന്നത്. 4.20 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മാണം. ഒരേസമയം 100 പേരെ താമസിപ്പിക്കാന്‍ കഴിയുന്ന ഡോര്‍മെറ്ററി, 40 ശുചിമുറികള്‍, അറ്റാച്ച്ഡ് ബാത്ത് റൂമോട് കൂടിയ നാല് മുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഉപയോഗിക്കാനാകുന്ന ഓപ്പണ്‍ ശുചിമുറികള്‍ എന്നീ സൗകര്യങ്ങളാണ് ഉണ്ടാവുക.
സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് ജിംനേഷ്യവും തയ്യാറാക്കുന്നുണ്ട്.
24 മണിക്കൂറും ജീവനക്കാരുടെ സേവനം ലഭിക്കും. കുടുംബശ്രീക്കാണ് നടത്തിപ്പ് ചുമതല. ചുരുങ്ങിയ തുക മാത്രം വാങ്ങിയാണ് സൗകര്യം ലഭ്യമാക്കുക. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന ടൂറിസം കേന്ദ്രമായ പറശ്ശിനിക്കടവ്, ധര്‍മ്മശാലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി, എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ഇടങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ദിനംപ്രതി എത്തുന്ന സ്ത്രീകള്‍ക്ക് ഷീ ലോഡ്ജ് ആശ്വാസമാകും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ലോഡ്ജ് ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് ആന്തൂര്‍ നഗരസഭ ചെയര്മാന് പി മുകുന്ദന് പറഞ്ഞു.