കര്‍ഷകനെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്തും- ആര്‍ച്ചബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
June 15, 2022
0
ഇരിട്ടി: പരിസ്ഥിതി ലോല നിയമത്തിന്റെ പേരില്‍ കര്‍ഷകന്റെ ഒരു സെന്റ് ഭൂമിയെങ്കിലും കൈവശപ്പെടുത്താമെന്ന തോന്നല്‍ ആര്‍ക്കും വേണ്ടെന്നും ജീവന്‍കൊടുത്തും കര്‍ഷക താല്പര്യം സംരക്ഷിക്കുമെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ബഫര്സോണ്പ്രഖ്യാപനത്തിനെതിരെ ഇരിട്ടിയില്‍ നടന്ന സര്‍വ്വ കക്ഷി കര്‍മ്മസമിതി കൂട്ടായ്മ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വിചാരം തങ്ങള്‍ പ്രധാനമന്ത്രിക്കും മുകളില്‍ ആണെന്നാണെന്നാണ്. കര്‍ഷക ജനതയെ ദ്രോഹിക്കുന്ന ഇത്തരക്കാരെ നിലയ്ക്കു നിര്‍ത്താനറിയാം. അഞ്ചക്ക ശബളം പറ്റുന്നവര്‍ക്ക് കര്‍ഷകന്റെ രോദനം അറിയില്ല. വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ നിര്‍ത്തേണ്ടത് വനം വകുപ്പിന്റെ ഉത്തരവാദിത്വമാണ്. കൃഷിഭൂമിയിലിറക്കുന്ന വന്യമൃഗങ്ങളെ ഇല്ലാതാക്കേണ്ടത് കര്‍ഷകന്റെ ജീവല്‍ പ്രശ്നമാണ്. നിരവധി പാവങ്ങള്‍ക്കാണ് വന്യമൃഗങ്ങളുടെ അക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ടത്. നാട്ടിലിറങ്ങി വന്യമൃഗങ്ങള്‍ ആളുകളെ കൊന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കെലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയെയും വനം പരിസ്ഥിതി മന്ത്രിയേയും മുഖ്യമന്ത്രിയേയും കണ്ടപ്പോള്‍ തങ്ങള്‍ കര്‍ഷകര്‍ക്ക് ഒപ്പം ആണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇതിനു വിരുദ്ധം ആണ് വനം ഉദ്യോഗസ്ഥരുടെ നിലപാട്.
സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിന് ചുമതലപെട്ടവര്‍ കാര്‍ബണ്‍ ഫണ്ട് കണ്ട് കണ്ണ് മഞ്ഞളിച്ചതാണ് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതികൂല വിധി ഉണ്ടാവാന്‍ കാരണം. അതിനാല്‍ മുഖ്യമന്ത്രി പറഞ്ഞ റിവ്യൂഹര്‍ജി ഉടന്‍ നല്‍കുകയും കാര്‍ബണ്‍ ഫണ്ട് കണ്ടാല്‍ കണ്ണ് മഞ്ഞളിക്കാത്ത അഭിഭാഷകരെ കേസ് എല്പ്പിക്കകയും ചെയ്യണം. കുടിയേറ്റ ജനത സമരവുമായി രംഗത്ത് ഇറങ്ങിയാല്‍ ലക്ഷ്യം സാധിച്ചിട്ടു തിരിച്ചു കയറിയ ചരിത്രമേ ഉള്ളൂവെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു.
കേരളത്തിലെ ഒരാളുടെയും ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും കര്‍ഷക ജനതയ്ക്ക് ഒപ്പം ഉണ്ടാകുമെന്നും പി. സന്തോഷ്കുമാര്‍ എം.പി പറഞ്ഞു. സംസഥാന സര്‍ക്കാറിന്റെ വാദങ്ങളൊന്നും പരിശോധിക്കാതെയാണ് വിധിയുണ്ടായത്. കേന്ദ്ര സര്‍ക്കാര്‍ ചില പ്രദേശങ്ങളുടെ താല്പര്യങ്ങള്ക്കൊപ്പം നില്‍ക്കുകയായിരുന്നു. കര്ഷകൂട്ടായ്മ്മയിലൂടെ ഏത് പ്രതിസന്ധിയേയും മറികടക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ലോല പ്രഖ്യാനപനത്തില് ഉണ്ടായ കോടതി വിധിയിലൂടെ വനം വകുപ്പ് പാവപ്പെട്ടവരെ കബളിപ്പിക്കുകയാണെന്ന് കൂട്ടായ്മ്മയില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സണ്ണിജോസഫ് എം.എല്‍.എ പറഞ്ഞു.പാവപ്പെട്ടവരുടേയും ആദിവാസികളുടേയും പ്രശ്നം വരുമ്പോള്‍ വളരെ ലാഘവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നതെന്നും ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധിയില്‍ വൈരുധ്യം ഉണ്ട്. രാജസ്ഥാനില്‍ 500 മീറ്റര്‍ ആണ് ബഫര്‍ സോണായി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇത് ഒരു കിലോമീറ്ററായി മാറിയതിലും സ്ഥാപിത താല്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.