എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ദ്രൗപദി മുര്‍മു
June 22, 2022
0
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് ദ്രൗപദി മുര്‍മു. ഒഡീഷയില്‍ നിന്നുള്ള ഗോത്ര വിഭാഗത്തിലെ ഈ നേതാവ് വീണ്ടും ചരിത്രനിയോഗത്തിലാണ്. ഗോത്ര വിഭാഗത്തില്‍ നിന്നുളള രാജ്യത്തെ ആദ്യത്തെ വനിത ഗവര്‍ണറായ ദ്രൗപതി മുര്‍മു
ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ അവസരം ലഭിച്ച ആദ്യ വനിത കൂടിയാണ്. 20 വര്‍ഷത്തിലേറെയായി പൊതുരംഗത്തുളള അവര്‍ മുന്‍പ് അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2015 - 2021 കാലയളവില്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന ദ്രൗപതി 2000 ല്‍ ഒഡീഷയിലെ നവീന്‍ പട്നായിക് മന്ത്രിസഭയില്‍ അംഗമായിരുന്നു. 2000 മുതല്‍ 2002 വരെ നവീന്‍ പട്നായിക് നേതൃത്വം നല്കിയ ബിജു ജനതാദള്‍ - ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുളള വാണിജ്യ- ഗതാഗത മന്ത്രിയായും 2002 ഓഗസ്റ്റ് 6 മുതല്‍ മെയ് 16 വരെ ഫിഷറീസ്- മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. ഒഡീഷ നിയമസഭയില്‍ അംഗമായിരിക്കെ 2007 ല്‍ മികച്ച നിയമസഭാംഗത്തിനുളള പണ്ഡിറ്റ് നീലകണ്ഠ പുരസ്കാരം നേടി.
ഒഡീഷയിലെ സന്താള്‍ വിഭാഗത്തില്‍ നിന്നുളള നേതാവായ ദ്രൗപദി മുര്‍മു 1958 ജൂണ്‍ 20 ന് ഒഡീഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തിലാണ് ജനിച്ചത്. പിതാവ് ബിരാന്‍ചി നാരായണ്‍ ടുഡു. ഭുവനേശ്വറിലെ രമാദേവി വനിതാ കോളജില്‍ നിന്ന് ബിരുദം നേടിയ ദ്രൗപദി ഒഡീഷ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഹോണററി അസിസ്റ്റന്റ് ടീച്ചറായും പ്രവര്‍ത്തിച്ചു.
1997 ല്‍ രായിരനഗ്പുര്‍ ജില്ലയിലെ കൗണ്‍സിലറായാണ് രാഷ്ട്രീയ രംഗപ്രവേശം. അതേവര്‍ഷം തന്നെ ഒഡീഷയിലെ ഷെഡ്യൂള്‍ഡ് ട്രൈബ്സ് മോര്‍ച്ച വൈസ് പ്രസിഡന്റായി.
2002 മുതല്‍ 2009 വരെയും 2013 ലും ബിജെപി മയൂര്‍ഭഞ്ജ് ജില്ലാ പ്രസിഡന്റായി. ഒഡീഷ നിയമസഭയില്‍ രായിരനഗ്പുരിനെ പ്രതിനിധീകരിച്ചു. 2013 ല്‍ ബിജെപിയുടെ എസ്ടി മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായി.
2017 ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി പരിഗണനാ പട്ടികയില്‍ ദ്രൗപദി മുര്‍മു ഇടം നേടിയിരുന്നു. ജൂലൈ 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. ജൂണ്‍ 24 വെളളിയാഴ്ച ദ്രൗപതി മുര്‍മു നാമനിര്‍ദേശം നല്‍കും.
Tags