എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു| SSLC Results 2022
June 15, 2022
0
തിരുവനന്തപുരം ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി. ആര് ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,23,303 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയശതമാനം. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികളാണ് എല്ലാവിഷയത്തിനും എ പ്ലസ് നേടിയത്. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.
കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല (99.94%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%). ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024). മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2104 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്.
എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്കീം) വിഭാഗത്തില്‍ 275 പേര് പരീക്ഷ എഴുതിയവരില്‍ 206 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (74.91%). എസ്.എസ്.എല്‍.സി പ്രൈവറ്റ് (പുതിയ സ്കീം) വിഭാഗത്തില്‍ 134 പേര് പരീക്ഷ എഴുതിയവരില്‍ 95 പേര് ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയശതമാനം (70.9%).
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്. ഇതിന് സഹായകമായ അധ്യാപകരുടെയും, പരീക്ഷാഭവന് ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു.
Tags