ഇരിട്ടി : എട്ട് വര്‍ഷത്തിനുള്ളില്‍ ആറളം ഫാമില്‍ കാട്ടാന ആക്രമത്തില്‍ പൊലിഞ്ഞത് 12 ജീവനുകള്‍. കൊന്നും കൊലവിളിച്ചും അക്രമാസക്തമായ കാട്ടാനകള്‍ ചവിട്ടിയരച്ച അവസാനത്തെ ഇരയാണ് ഇന്നലെ കൊല്ലപ്പെട്ട ദാമു. ആറളം വന്യജീവി സങ്കേതത്തിലുള്ളതിനേക്കാള്‍ ഏറെ ആനകള്‍ അധിവസിക്കുന്ന ഇടമായി ഈ വര്‍ഷങ്ങള്‍ക്കിടയില്‍ ആറളം ഫാം മാറി. കൃത്യമായ കണക്കില്ലെങ്കിലും അറുപതിലേറെ ആനകള്‍ ഫാമധീന മേഖലയില്‍ ഉണ്ടെന്നാണ് ഇവിടുത്തെ തൊഴിലാളികള്‍ പറയുന്നത്. വര്‍ഷം കഴിയുന്തോറും ഇതിന്റെ ആധിക്യവും ആക്രമണവും കൂടിക്കൂടി വരുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇവിടങ്ങളില്‍ നിന്നും ആറളം, മുഴക്കുന്ന്, പേരാവൂര്‍ പഞ്ചായത്തുകളിലും കാട്ടാനകള്‍ എത്തുന്നത് നിത്യ സംഭവമായി മാറി. എന്നാല്‍ ഇത്തരം ജനവാസമേഖലകളില്‍ ആനകള്‍ കടന്നെത്താതിരിക്കാന്‍ നാട്ടുകാര്‍ തന്നെ തൂക്കുവേലികളും മറ്റും തീര്‍ത്ത് പ്രതിരോധം സൃഷ്ടിച്ചു കഴിഞ്ഞു. ഇതുമൂലം കാട്ടാന ശല്യം ഇത്തരം പ്രദേശങ്ങളില്‍ ഇപ്പോള്‍ കുറവാണെന്നും പ്രദേശവാസികള്‍ പറയുന്നു.
2014 ഏപ്രില്‍ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവിയാണ് ആദ്യം ആനയുടെ കുത്തേറ്റ് മരിക്കുന്നത്. തുടര്‍ന്ന് 2015 മാര്‍ച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെയും കാട്ടാന കുത്തി വീഴ്ത്തി. ഗുരുതര പരിക്കേറ്റ ബാലന് ഏപ്രില്‍ നാലിന് മരിച്ചു. ഫാമില്‍ ഏറ്റവും കൂടുതല്‍ പേര് കാട്ടാന ആക്രമണത്തില്‍ മരിക്കുന്നത് 2017ലാണ്. അഞ്ച് പേരെയാണ് കാട്ടാന ആ വര്‍ഷം ആക്രമിച്ച് കൊല്ലുന്നത്. ജനവരി പത്തിന് നരിക്കടവിലെ അഞ്ചാനിക്കല്‍ ബിജു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലന് പൊയ്യ, മാര്‍ച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയില്‍ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രില്‍ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തില്‍ വച്ച് റജി എന്നിവരും ആനയാക്രമണത്തില്‍ കൊല്ലപ്പെട്ടു. 18 ഒക്ടോബര്‍ 29ന് ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബര്‍ എട്ടിന് ആദിവാസിയായ കൃഷ്ണന് ചപ്പിലി, 2020 ഏപ്രില്‍ 26ന് ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലന്‍ നാരായണന് എന്നിവരും കാട്ടാന അക്രമത്തില്‍ കൊല്ലപ്പെട്ടു. ഒക്ടോബര്‍31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ്(ബബീഷ്) വീട്ടിലേക്കുള്ള യാത്രക്കിടയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. ആറളം ഫാമിലെ കാട്ടാനയക്രമണത്തിന്റെ പതിനൊന്നാമത് ഇരയായിരുന്നു ഈ വര്‍ഷം ജനുവരി 31 കൊല്ലപ്പെട്ട ചെത്ത് തൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷ് . രാവിലെ ബ്ലോക്ക് ഒന്നിലാണ് കാട്ടാന ഓടിച്ച് റിജേഷിനെ ചവിട്ടിക്കൊന്നത്. റിജേഷ് അടക്കം നാല് തൊഴിലാളികള്‍ തെങ്ങ് ചെത്തിനായി പോവുന്നതിനിടെയാണ് ആനക്ക് മുന്നില്‍ പെട്ടത്. തൊഴിലാളികള്‍ ചിതറിയോടുന്നതിനിടയിലാണ് റിജേഷിനെ ആന പിന്തുടര്ന്ന് ചവിട്ടി കൊന്നത്.
കാട്ടുപന്നി കുത്തി ഒരാളും മലാന് കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയില്‍ മരിച്ചിരുന്നു . കൂടാതെ 2021 സെപ്തംബര്‍ 26 ന് പുലര്‍ച്ചെ ഏഴിന് പെരിങ്കരിയില്‍ ചെങ്ങഴശേരി ജസ്റ്റിന് കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവമായിരുന്നു. കര്‍ണാടകയുടെ മാക്കൂട്ടം വന മേഖലയില്‍ നിന്നും എത്തിയ കാട്ടാന 10 കിലോമീറ്ററിലേറെ ജനവാസ മേഖലയില്‍ കടന്നെത്തിയാണ് രാവിലെ ബൈക്കില്‍ പള്ളിയിലേക്ക് പോവുകയായിരുന്ന ജസ്റ്റിനെ ചവിട്ടിക്കൊന്നത് .