മലയോര മേഖലയിലെ ആന പ്രതിരോധങ്ങള്‍ എല്ലാം നിര്‍ജ്ജീവമായി. കാട്ടാനയെ തടയാനുള്ള സംവിധാനങ്ങളെയെല്ലാം വെല്ലുവിളിച്ചുകൊണ്ട് കാട്ടാനകള്‍ ജനവാസമേഖലയില്‍ താണ്ടവമാടുകയാണ്.
നിരവധി ജീവനുകള്‍ പൊലിഞ്ഞ ആറളം ഫാമില്‍ ബുധനാഴ്ച രാത്രിയില്‍ ഒന്‍പതാം ബ്ലോക്കിലെ ദേവീ പൊന്നപ്പന്റെ കുടില്‍ കാട്ടാന തകര്‍ത്തു. കുടിലില്‍ താമസക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ കാട്ടാന ആക്രമണത്തില്‍ ഇരുചക്ര വാഹനം തകര്‍ത്തു. ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന് സതീഷ് നാരായണന്റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പയ്യാവൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനക്കൂട്ടമെത്തി. പുലര്‍ച്ചെ വരെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ പ്രദേശവാസികള്‍ കാടുകയറ്റി. പയ്യാവൂരിലെ ഒന്നാംപാലത്താണ് കാട്ടാനക്കൂട്ടമെത്തിയത്.
പ്രദേശവാസിയായ മറ്റത്തിനാനി ടോമിയുടേയും നിരവധിയാളുകളുടേയും വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. നിരവധിത്തവണയാണ് മേഖലയില്‍ കാട്ടാനക്കൂട്ടം എത്തിയിട്ടുള്ളത്.