അതിതീവ്ര മഴ: അഴീക്കോട് മണ്ഡലത്തില്‍ ജാഗ്രതാ സമിതി യോഗം ചേര്‍ന്നു
ചിറക്കല്‍ ഗ്രാമ പഞ്ചായത്തിലെ തട്ടു കോളനിയായ കുണ്ടന്‍ചാല്‍ കോളനിയിലെ പാര്‍ശ്വഭിത്തികള്‍ ഇളകി മണ്ണൊലിപ്പും വീടുകള്‍ക്ക് നാശവുമുണ്ടാകാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് പ്രദേശവാസികളെ മാറ്റി താമസിപ്പിച്ചു. സുരക്ഷിത സ്ഥലങ്ങളില്‍ താമസിക്കുന്ന ബന്ധുക്കളുടെ വീടുകളിലേക്കാണ് ഇവരെ മാറ്റി താമസിപ്പിച്ചത്. അപകട ഭീഷണി നിലനില്‍ക്കുന്ന ചിറക്കലിലെ എസ് സി കോളനിയായ കിഴക്കേമൊട്ട നിവാസികളേയും ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കും.
ജില്ലയില്‍ കാലവര്‍ഷം അതിതീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഴീക്കോട് മണ്ഡലത്തില്‍ കെ വി സുമേഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ പ്രവര്‍ത്തന അവലോകന യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. മുഖ്യമന്തിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജാഗ്രതാ സമിതി യോഗം ചേര്‍ന്നത്.
ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ദേശീയപാതയുടെ പ്രവൃത്തി നടക്കുന്ന പാപ്പിനിശ്ശേരി ഭാഗത്ത് രൂക്ഷമായ വെള്ളക്കെട്ട് നിലനില്‍ക്കുന്നത് ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. മണ്ഡലത്തിലെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് മാറ്റും. ഓരോ പഞ്ചായത്തിലും അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന അപകടങ്ങളില്‍ വിളിക്കേണ്ട നമ്പറുകള്‍ പ്രചരിപ്പിക്കും. ഫയര്‍ഫോഴ്സ്, പോലീസ്, കെഎസ്ഇബി തുടങ്ങിയവരെ ഉള്‍പ്പെടുത്തി പഞ്ചായത്തുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
അടിയന്തിര സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ യോഗത്തില്‍ നിര്‍ദേശിച്ചു. മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ ജനങ്ങള്‍ അതിനോട് സഹകരിക്കാനും തീരങ്ങളില്‍ കടലാക്രമണ ജാഗ്രത പാലിക്കാനും മത്സ്യബന്ധനോപധികള്‍ സുരക്ഷിതമാക്കി വെക്കാനും യോഗത്തില്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു.
കെ.വി സുമേഷ് എം.എല്‍.എ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എഡിഎം കെ. കെ ദിവാകരന്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ടി സരള, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. ശ്രുതി ( ചിറക്കല്‍), കെ. അജീഷ് (അഴീക്കോട് ), കെ. രമേശന് (നാറാത്ത്), എ. വി സുശീല (പാപ്പിനിശ്ശേരി), പി. പി ഷമീമ (വളപട്ടണം), കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.