ഇരിട്ടി: പ്രവർത്തി തുടങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും ഉളിയിൽ തില്ലങ്കേരി റോഡിന്റെ നവീകരണം എങ്ങുമെത്തിയില്ല. 2018ല്‍ പൂര്‍ത്തിയാകേണ്ട റോഡിന്റെ പ്രവൃത്തിയാണ് അധികൃതരുടെ അനാസ്ഥ മൂലം അനന്തമായി നീണ്ടുപോകുന്നത്. മുന്‍ മന്ത്രി ഇ.പി.ജയരാജന് മുന്‍കൈയെടുത്ത് പൊതുമരാമത്ത് ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ അനുവദിച്ചാണ് റോഡ് നവീകരണം തുടങ്ങിയത്. പത്ത് മീറ്റര്‍ വീതിയില്‍ 5.5 മീറ്റര്‍ ടാറിംങ്ങോടെ ഓവുചാലുകള്‍ ഉള്‍പ്പടെ പണിയണമെന്ന വ്യവസ്ഥകളോടെ ആയിരുന്നു പ്രവൃത്തിയുടെ കരാര്‍. എന്നാല്‍ റോഡിലെ ആറ് ഓവുപാലങ്ങളും ഒരു വലിയ പാലത്തിന്റെയും പണി പൂര്‍ത്തികരിച്ച് ഒന്നാംഘട്ട ടാറിംങ് നടത്തിയതല്ലാതെ രണ്ടാംഘട്ട മെക്കാഡം ടാറിംങ് നടത്തിയില്ല. റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള ഓവുചാലിന്റെ പ്രവൃത്തിയും പൂര്‍ത്തികരിച്ചില്ല. രണ്ടര വര്‍ഷം മുമ്പ് ആദ്യഘട്ടത്തില്‍ ടാറിംങ് നടത്തിയ റോഡ് ഇപ്പോള്‍ ഭൂരിഭാഗ സ്ഥലങ്ങളിലും പൊട്ടിപൊളിഞ്ഞ നിലയിലാണ്. പലയിടത്തും വന്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്നത് വന്‍ അപകടസാധ്യതയാണുണ്ടാക്കുന്നത്. നിരവധി തവണ നാട്ടുകാരും ജനപ്രതിനിധികളും റോഡ് നവീകരണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. രണ്ട് വര്‍ഷം മുമ്പ് മന്ത്രിയായിരുന്ന ഇ.പി.ജയരജാന് തന്നെ പഞ്ചായത്ത് തലത്തില്‍ നടന്ന അദാലത്തില്‍ എഞ്ചിനിയറെ നേരിട്ട് വിളിച്ച് പ്രവൃത്തി ഉടന്‍ പൂര്‍ത്തികരിക്കാന്‍ നടപടി സ്വികരിക്കണമെന്ന് ആവശ്യപെടുകയും പ്രവൃത്തി 2020 മെയ് അവസാനം പൂര്‍ത്തികരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നുവെങ്കിലും പിന്നിട് ഒരു പ്രവൃത്തിയും നടന്നില്ല.