ആറളം ആദിവാസി മേഖലയിൽ ഉൾപ്പെടെ കാട്ടാന ശല്യം രൂക്ഷമായി രിക്കുകയാണ്. പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ ഭയക്കുന്ന തരത്തിൽ കാട്ടാന വിളയാട്ടം തുടരുകയാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നതും കുടിലുകളും തകർക്കുന്നതും നിത്യ സംഭവമായി മാറി. വാഹനത്തില്‍ യാത്ര ചെയ്യാൻ പോലും കഴിയാതായിരിക്കുകയാണ്.
നേരം ഇരുട്ടുന്നതോടെ കീഴ്പ്പള്ളി കാക്കയ്ങ്ങാട് റോഡിൽ കാട്ടാന കൂട്ടം തമ്പടിക്കുന്നത് നിത്യ കാഴ്ചയാണ്. കാട്ടാനയുടെ മുമ്പിൽപ്പെട്ട് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായി മാറി. കഴിഞ്ഞ ദിവസം ആറളം ഫാം സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്ക് ആന തർത്തു. സതീഷ് നാരായണൻ എന്ന ജീവനക്കരൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വട്ടപ്പറമ്പ് പ്രദേശത്ത് വൈദ്യുതി തൂക്ക് വേലി കാട്ടാന തകർത്തു. ആറളം ഫാം തൊഴിലാളികളും കാട്ടാന ഭീക്ഷണിയിൽ തൊഴിൽ എടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഈ സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ വനം വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന് സി.പി ഐ ഇരിട്ടി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തിൽ നിന്ന് കാട്ടാനകളെ തുരത്താൻ വിദഗ്ദരായ ആളുകളെ ഉപയോപ്പെടുത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
യോഗത്തിൽ ശങ്കർ സ്റ്റാലിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പായം ബാബുരാജ് നേതാക്കളായ കെ ടി.ജോസ് കെ.പി. കുഞ്ഞികൃഷ്ണൻ , എം.കെ.ശശി, ഒ.കെ ജയകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.