തിരുവനന്തപുരം: ഇരിക്കൂറിലെ യാത്രക്ലേശം പരിഹരിക്കുന്നതിന് അഡ്വ. സജീവ് ജോസഫ്, എം.എല്‍.എ നിയമസഭയില്‍ സബ്മിഷന് അവതരിപ്പിച്ചതിന്റെ ഭാഗമായി ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതലയോഗം ചേര്‍ന്നു.
കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് ഇരിക്കൂര്‍ മണ്ഡലത്തിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന നിരവധി ബസുകളാണ് നിര്‍ത്തിയിരിക്കുന്നതെന്ന് എം.എല്‍.എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
കണ്ണൂര്‍ - നടുവില്‍ - വേങ്കുന്ന് - ചെമ്പേരി - വഴി വലിയഅരീക്കമല, കണ്ണൂര്‍-തളിപ്പറമ്പ് - കരുവഞ്ചാല്‍ - മാവുംചാല്‍ - കുടിയാന്മല വഴി വലിയഅരീക്കമല, കണ്ണൂര്‍-അറബി-കോളിത്തട്ട് തുടങ്ങിയ മൂന്ന് കെ.എസ്.ആര്.ടി.സി സര്‍വീസുകള്‍ ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നതാണ് എന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു യോഗത്തില്‍ അറിയിച്ചു. കൂടാതെ 26/07/2022 ന് ഉച്ചയ്ക്ക് ശേഷം ബസ് സര്‍വീസുകള്‍ ഗതാഗത വകുപ്പ് മന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണ്.
സര്‍വ്വീസ് നിര്‍ത്തലാക്കിയ മറ്റ് ബസ് സര്‍വ്വീസും പുനരാരംഭിക്കുന്ന കാര്യം പരിശോധിക്കുമെന്നും, ഇരിക്കൂറില്‍ കെ.എസ്.ആര്.ടി.സി യുടെ ഒരു ഓപ്പറേറ്റിംഗ് സെന്റര്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ കെ.എസ്.ആര്.ടി.സി എം.ഡി ബിജു പ്രഭാകര്‍, ഗതാഗത വകുപ്പ് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എസ്. അനില്‍, കെ.എസ്.ആര്.ടി.സി കണ്ണുര്‍ ഡിപ്പോയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.