ശ്രീകണ്ഠാപുരം: അന്താരാഷ്ട്ര ചാന്ദ്രദിനത്തോടനുബന്ധിച്ച് ദൃശ്യാവിഷ്ക്കാരമൊരുക്കി പെരിന്തിലേരി എയുപി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികള്‍ തന്നെ വിവിധ ഗ്രഹങ്ങളായി മാറുകയും ബഹിരാകാശ യാത്രികരായി അവതരിക്കുകയും ചെയ്താണ് ദൃശ്യാവിഷ്കാരം നടത്തിയത്. വിദ്യാലയത്തിലെ സയന്‍സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ചാന്ദ്രദിന പ്രഭാഷണം, ഗാനം, ഡോക്യുമെന്ററി പ്രദര്‍ശനം, പതിപ്പ് നിര്‍മ്മാണം, റോക്കറ്റ് പ്രദര്‍ശനം, ക്വിസ് മത്സരം, ബഹിരാകാശ യാത്രികരുമായി ഇന്റര്‍വ്യൂ തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തി. വിദ്യാലയത്തിലെ വിദ്യാര്‍ഥിനി തന്‍വിക അവതാരികയായി.
ഹെഡ്മിസ്ട്രസ് ശ്രീലത എം. എം ഉദ്ഘാടനം ചെയ്തു. അധ്യാപികയായ കവിത അമ്പിളിപ്പാട്ട് അവതരിപ്പിച്ചു. എസ്.ആര് ജി കണ്‍വീനര്‍ മുഹമ്മദ് റഫീഖ് ,ശ്വേത, ലജ്ന, ശ്രീരാഗ് എം എം, നിഖില, മീര, മുഹമ്മദ് സി, ശ്രീകല എസ്, സ്മിത പി സി, ശ്രുതി കെ എന്നിവര്‍ സംസാരിച്ചു.