തളിപ്പറമ്പ് നഗരത്തിൽ സ്ഥാപിച്ച ശുചിത്വ മിഷൻ്റെ അടയാളമായ ചൂലേന്തിയ കാക്കയുടെ ശിൽപത്തിന് ചുറ്റും കാട് കയറിയ ഭാഗം ശുചീകരിച്ചു. മാധ്യമ വാർത്തയെ തുടർന്നാണ് നടപടി. ടൗൺ സ്ക്വയറിന് സമീപം ദേശീയപാതക്ക് അഭിമുഖമായാണ് ശിൽപം സ്ഥിതി ചെയ്യുന്നത്.
തളിപ്പറമ്പ് നഗരസഭ സ്വഛ് ഭാരത് മിഷൻ്റെ സഹകരണത്തോടെയാണ് ശുചിത്വത്തിൻ്റെ സന്ദേശം പകരാൻ കാക്കയുടെ ശിൽപ്പം സ്ഥാപിച്ചത്. എന്നാൽ പിന്നീട് ശരിയായ പരിചരണമില്ലാതെ ശിൽപത്തിൻ്റെ പരിസരം മാലിന്യം നിറഞ്ഞ് കാടുകയറിയ നിലയിലായിരുന്നു. മനോഹരമായ പൂൽത്തകിടി മുഴുവൻ കാടുകയറി നശിച്ച് കാടിനുള്ളിൽ ആളുകൾ വലിച്ചെറിഞ്ഞ മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് ബോട്ടിലുകളും നിറഞ്ഞ നിലയിലായിരുന്നു.
ശുചിത്വത്തിൻ്റെ പ്രതീകമായി നിർമ്മിച്ച ശിൽപം ശുചിത്വമില്ലാത്ത ചുറ്റുപാടിൽ നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ കഴിഞ്ഞ ദിവസം നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ട നഗരസഭാ അധികാരികൾ ശുചീകരണത്തൊഴിലാളികളെ ഉപയോഗിച്ചാണ് ശുചീകരണം നടത്തിയത്.