റോഡ് മെക്കാഡം ചെയ്ത് സുന്ദരമാക്കിയെങ്കിലും പഴയ കലുങ്ക് പുനർ നിർമ്മിച്ചില്ല. ഭാരവാഹനങ്ങൾ നിരന്തരം ഓടുന്നതിനാൽ കലുങ്ക് തകർന്നു. ചെമ്പന്തൊട്ടി ചുഴലി റോഡിൽ സാൻജോസ് ബസ്റ്റോപ്പിന് സമീപമാണ് കലുങ്ക് തകർന്നിരിക്കുന്നത്.
ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. വർഷങ്ങൾക്ക് മുൻപ് റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തിയിരുന്നു. എന്നാൽ റോഡിൽ പലയിടങ്ങളിലും വർഷങ്ങൾ പഴക്കമുള്ള കലുങ്കുകൾ പുനർ നിർമ്മിക്കാതെയാണ് പഴയ കലുങ്കുകൾക്ക് മുകളിലൂടെ റോഡ് മോഡി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയത്. ക്വാറികൾ നിന്ന് കരിങ്കൽ ഉൽപന്നങ്ങളുമായി നിരവധി ടോറസ് ലോറികളാണ് പലപ്പോഴും ഇതുവഴി പോകുന്നത്. ഭാരമേറിയ വാഹനങ്ങളുടെ വരവാണ് റോഡ് തകരാൻ കാരണമാക്കിയെതെന്നാണ് പരക്കെ ആക്ഷേപം.
എന്നാൽ, പുതിയ റോഡ് നിർമ്മിക്കും വേളയിൽ കലുങ്കുകൾ പുനർനിർമ്മിക്കാത്തത് തകർച്ച ഇരട്ടിയാക്കാൻ ഇടയാക്കിയെന്നും ആരോപണം ഉയരുന്നുണ്ട്.
കലുങ്കിന് അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ പൂർണ്ണമായും തകർന്ന് കമ്പികൾ പുറത്ത് വന്ന നിലയിലുമാണ്. അരിക് ഭിത്തി പുറത്തേക്ക് തള്ളി നിൽക്കുന്ന സ്ഥിതിയിലുമാണ്. പി. ഡബ്ല്യൂഡി റോഡിൽ അധികൃതർ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും തകർച്ച പരിഹരിക്കാനുള്ള നടപടികൾ വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.