ജില്ല റബ്ബർ മാർക്കറ്റിങ് സഹകരണ സൊസൈറ്റിയുടെ ചിറവക്കിലെ കെട്ടിടത്തിലെ നാല് മുറികളിലെ കുടിയാന്മാരെ ഒഴിപ്പിച്ചു. കുടിയാന്മാർ വർഷങ്ങളായി വാടക നൽകാത്തതിനാൽ സൊസൈറ്റി നൽകിയ ഹരജി പരിഗണിച്ച് നിലവിലുള്ള കുടിയാന്മാരെ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ദേശീയപാതയിൽ ചിറവക്ക് ജംഗ്ഷനിൽ ജില്ല റബ്ബർ മാർക്കറ്റിങ് സൊസൈറ്റിയുടെ കീഴിലുള്ള കെട്ടിടത്തിലെ നാല് മുറികൾക്ക് ഒമ്പത് വർഷമായി ചില്ലി കാശ് പോലും കുടിയാന്മാർ വാടക നൽകിയിരുന്നില്ല. മാത്രമല്ല നാല് മുറികളും ഇവർ വൻ വാടകയ്ക്ക് മറിച്ചു നൽകി പണം തട്ടുന്നതായും പരാതി ഉയർന്നിരുന്നു. തുടർന്ന് സൊസൈറ്റി ഭാരവാഹികൾ നൽകിയ ഹരജി പരിഗണിച്ച് ഹൈക്കോടതി കുടിയാന്മാരെ ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സഹായത്തോടെ മുറികൾ ഒഴിപ്പിക്കാൻ തളിപ്പറമ്പ് മുൻസിഫ് കോടതി നടപടി സ്വീകരിച്ചത്.
ഈ കെട്ടിട സമുച്ചയത്തിൽ കുപ്പത്തെ എം.ശ്രീകല വാടകക്കെടുത്ത നാല് മുറികളിൽ നിന്ന് എട്ടരലക്ഷം രൂപയാണ് കുടിശികയായി സൊസൈറ്റിക്ക് ലഭിക്കാനുള്ളത്. വായ്പ കുടിശികയുടെ പേരിൽ സഹകരണസംഘം കേരള ബാങ്ക് ജപ്തി ചെയ്തിരിക്കുക്കയാണ്. 28 ജീവനക്കാരിൽ 24 പേരും പിരിഞ്ഞു പോയി. നാലുപേരാണെങ്കിൽ ശമ്പളം ഇല്ലാതെ കഴിയുകയാണ്. ഈ സൊസൈറ്റിയെയാണ് തുച്ഛമായ വാടക പോലും നൽകാതെ കുടിയാന്മാർ കബളിപ്പിച്ചതായി കോടതിയെ ബോധ്യപ്പെടുത്തിയത്. ടയർ കട, ലോട്ടറി കട, അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പ് എന്നിവയാണ് കോടതി ഉത്തരവനുസരിച്ച് ഒഴിപ്പിച്ചത്. തളിപ്പറമ്പ് അഡീ.എസ്.ഐ.ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടെയാണ് സഹകരണ സംഘം ജീവനക്കാർ ഉത്തരവ് നടപ്പാക്കിയത്.