തിരുവനന്തപുരം: നടുവില്‍ പോളിടെക്നിക്ക് കോളേജിന് എ.ഐ.സി.ടി.ഇ അംഗീകാരം ലഭിച്ചതായി അഡ്വ. സജീവ് ജോസഫ് എം.എല്‍.എ അറിയിച്ചു. 2015 ലാണ് നടുവില്‍ പഞ്ചായത്തില്‍ പുതിയ പോളിടെക്നിക്ക് കോളേജ് ആരംഭിക്കാന്‍ തീരുമാനമായത്. എ.ഐ.സി.ടി.ഇ അംഗീകാരം ലഭിക്കാത്തതുമൂലമായിരുന്നു പോളിടെക്നിക്കിന്റെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടും ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കാതിരുന്നത്.
എ.ഐ.സി.ടി.ഇ അംഗീകാരം ലഭിക്കുന്നതിന് രണ്ടു തവണ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല. അപാകതകൾ എല്ലാം പരിഹരിച്ച് എ.ഐ.സി.ടി.ഇ ക്ക് അപ്പീല്‍ നല്‍കുകയും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.
പ്രസ്തുത പോളിടെക്നിക്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനിയറിംഗ്, സിവില്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്ക്സ് & ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് തുടങ്ങിയ ഡിപ്ലോമ കോഴ്സുകള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.
ഇതിനുവേണ്ടി സഹായിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു , മുൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി വി. വേണു , എ.ഐ.സി.ടി.ഇ അധികൃതർ , സാങ്കേതിക സഹായം നൽകിയ കുഞ്ചറിയ. പി.ഐസക്ക് , സ്പെഷ്യൽ ഓഫീസർ എം.സി. പ്രകാശൻ, മറ്റ് ജനപ്രതിനിധികള്‍ക്കും, പിന്തുണ നൽകിയ നാട്ടുകാർക്കും നന്ദി അറിയിക്കുന്നതായി എം.എല്‍.എ അറിയിച്ചു.