ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദീർഘകാലമായി ഖാദി വസ്ത്രം ധരിക്കുന്നവരെ പങ്കെടുപ്പിച്ച് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ആഗസ്റ്റ് 15 ന് ഉപഭോക്തൃ സംഗമം സംഘടിപ്പിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്ണൂരിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
ജനങ്ങളിൽ ഖാദിയോടുള്ള ആഭിമുഖ്യ വർധിച്ചു വരികയാണെന്നും സ്വാതന്ത്ര്യത്തിൻ്റെ അമൃത് വർഷം ആലോഷിക്കുമ്പോൾ കേരളത്തിൽ ഖാദി വസ്ത്രം കൂടുതൽ ആളുകളിലെത്തിക്കാനുള്ള ശ്രമമാണ് ഖാദി ഗ്രാമ വ്യവസായ ബോർഡ് നടത്തി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓണത്തിന് കൊറിയർ വഴി ഖാദി വസത്രം എത്തിച്ചു കൊടുക്കുന്ന ഖാദി കോടി എന്ന പദ്ധതിക്ക് തുടക്കമായതായും അദ്ദേഹം അറിയിച്ചു. ഖാദി വീടിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ നിർവഹിച്ചു. ഖാദി ബോർഡ് ഉത്പന്നങ്ങൾ ഓൺ ലൈനായി ലഭ്യമാക്കി തുടങ്ങിയതായും പി. ജയരാജൻ പറഞ്ഞു.