കണ്ണൂർ: പീഡന പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലറായ കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളി.സഹകരണ സംഘം ജീവനക്കാരിയെ ഓഫീസിൽ എത്തി പീഡിപ്പിച്ചു എന്നതാണ് കൃഷ്ണകുമാറിനെതിരെ നിലവിലുള്ള പരാതി. സംഭവവുമായി ബന്ധപ്പെട്ട് എടക്കാട് പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയാണ്.
12 ദിവസത്തോളമായി പി വി കൃഷ്ണകുമാർ ഒളിവിൽ കഴിയുകയാണ്. ദിവസങ്ങൾക്കു മുമ്പ് ഇയാൾ ബാംഗ്ലൂർ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ബാംഗ്ലൂരിൽ പൊലീസ് പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ പൊലീസ് ഇവിടേക്ക് വരുന്നുണ്ട് എന്ന് അറിഞ്ഞ് പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു.
പി വി കൃഷ്ണകുമാറിന്റെ മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതിനാൽ പൊലീസിൽ കീഴടങ്ങും എന്നുള്ള ആഭ്യങ്ങളും ശക്തമായിട്ടുണ്ട്. ഇയാൾ ഇപ്പോൾ ചെന്നൈയിൽ ഒളിവിൽ ആണ് എന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. കണ്ണൂർ കീഴുന്നയിലെ കൗൺസിലർ ആണ് കൃഷ്ണകുമാർ. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിട്ടുണ്ട് എങ്കിലും ഇപ്പോഴും കൗൺസിൽ ആയി തുടരുകയാണ്.