തെറ്റായ ശീലങ്ങളും ജീവിത ശൈലിയും മാറ്റി കൂടുതല്‍ ആരോഗ്യവാനാകാന്‍ താന്‍ പിന്തുടരുന്ന ഡയറ്റ് പ്ലാന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. കൂടുതല്‍ ആരോഗ്യവാനായിരിക്കാന്‍ സുഹൃത്ത് ഉപദേശിച്ച പ്ലാനാണ് തന്റെ 100 മില്യോണോളമുള്ള ട്വിറ്റര്‍ ഫോളോവേഴ്സിനോട് മസ്ക് പങ്കുവച്ചത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്( ഇടവിട്ടുള്ള ഉപവാസം) ശീലിക്കാനാണ് സുഹൃത്ത് ഉപദേശിച്ചതെന്ന് മസ്ക് ട്വീറ്റ് ചെയ്തു.
ആരോഗ്യത്തെ നശിപ്പിക്കുന്ന തന്റെ ചില തെറ്റായ ശീലങ്ങളെക്കുറിച്ച് മസ്ക് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രാവിലെ എഴുന്നേല്‍ക്കുന്നത് 9.30 ന് ആണെന്നും എഴുന്നേറ്റയുടന്‍ ഫോണ്‍ നോക്കാറാണ് പതിവെന്നും സ്വയം വിമര്‍ശനമായാണ് മസ്ക് പറയാറ്. മകന്റെ തെറ്റായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് മസ്കിന്റെ പിതാവ് എറോള്‍ മസ്കും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാന്‍ മസ്ക് മരുന്ന് കഴിക്കേണ്ടതുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു.
കൃത്യമായ സമയക്രമമുണ്ടാക്കി ഇടവിട്ട് ഉപവാസമിരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഡയറ്റ് പ്ലാനാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുന്ന സമയം ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രമെന്ന് പരിമിതപ്പെടുത്തിയാല്‍ പിന്നീട് അവേശഷിക്കുന്ന 18 മണിക്കൂറുകള്‍ തുടര്‍ച്ചയായി ഉപവസിക്കണം.
ശരീര ഭാരം കുറയുന്നതിനൊപ്പം ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം മുതലായവ ഉണ്ടാകുന്നതിനുള്ള സാധ്യതയും കുറയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ പ്ലാന്‍ പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താനും സഹായിക്കും. എന്നിരിക്കിലും കുട്ടികളും ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.