ഉരുള്‍പൊട്ടലിന്റെ ഉഗ്രശബ്ദം കേട്ട് കാട്ടിലേക്ക് ഓടിയ എട്ടുവയസുകാരനായ അര്‍ഷല്‍ തിരിച്ചുകയറിയത് ജീവിതത്തിലേക്ക്. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവര്‍ഗ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ടതോടെ അര്‍ഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ മറ്റു മൂന്നു കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും കനത്ത മഴയും ഇരുട്ടും അര്‍ഷലിന്റെ വഴി തെറ്റിച്ചു. ഇതോടെ അര്‍ഷല്‍ കാട്ടില്‍ ഒറ്റപ്പെടുകയായിരുന്നു. തനിച്ചായായത് കണക്കാക്കാതെ ജീവരക്ഷാര്‍ഥം അര്‍ഷല്‍ കാട്ടിലേക്ക് ഓടിക്കയറി. ഇതിനിടെ കുഴിയില്‍ വീണും മരത്തിനിടിച്ചും നിസാര പരുക്കുകളുമേറ്റു. ഇതൊന്നും വകവെക്കാതെ ആ എട്ടുവയസുകാരന് കാട്ടില്‍തന്നെ അഭയം തേടി. രണ്ടുമണിക്കൂറിലേറെയാണ് നാലാം ക്ലാസ് വിദ്യാര്‍ഥിയായ അര്‍ഷല്‍ കണ്ണവത്തെ കൊടുംവനത്തില്‍ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ അര്‍ഷലിനെ കുടുംബാംഗങ്ങള്‍ കണ്ടെത്തി.
അര്‍ഷലിന്റെ വീടിന്റെ ഇരുവശങ്ങളില്‍ കൂടെയാണ് ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചത്. ശബ്ദം കേട്ടയുടന്‍ കുടുംബങ്ങള്‍ വീടു വിട്ടതിനാലാണ് ചെക്യേരി കോളനിയില്‍ വന്‍ദുരന്തം ഒഴിവായത്. വീടുകള്‍ വാസയോഗ്യമല്ലാതായതോടെ അര്‍ഷലും കുടുംബവും നിലവില്‍ പെരിന്തോടേ് വേക്കളം എയുപി സ്കൂളിലെ ദുരുതാശ്വാസ ക്യാംപിലാണ്. സുരേഷ്-രേഷ്മ ദമ്പതികളുടെ മകനായ അര്‍ഷല്‍ കൊമ്മേരി ഗവ. യുപി സ്കൂളിലെ വിദ്യാര്‍ഥിയാണ്. ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ അര്‍ഷലില്‍ നിന്നു വിവരങ്ങള്‍ ആരാഞ്ഞു.