ന്യൂഡൽഹി • രാജ്യാന്തര യാത്രക്കാർ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് റിപ്പോർട്ടോ എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കുന്നു. എന്നാൽ, ഓൺലൈൻ പോർട്ടലിൽ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചു നൽകണമെന്ന നിബന്ധന തുടരും.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വന്ന നിബന്ധനകൾ പാലിക്കുന്നതിന് നെറ്റ്വർക് തകരാറുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടു സംബന്ധിച്ച് യാത്രക്കാർ പരാതി നൽകിയിരുന്നു. രാജ്യാന്തര യാത്ര പൂർവസ്ഥിതിയിലായ സാഹചര്യത്തിൽ നിബന്ധനകൾ നീക്കുന്നതിന് വ്യോമയാന മന്ത്രാലയം ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം തേടിയിട്ടുണ്ട്.