കണ്ണൂരിൽ സഹപാഠി കഞ്ചാവ് നൽകി ശാരീരികമായി പീഡിപ്പിച്ചെന്ന് ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയതിന് പിന്നാലെ ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സ്കൂൾ വിദ്യാർത്ഥികളെ ലഹരി നൽകി പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബാലാവകാശ കമ്മിഷൻ വ്യക്തമാക്കി. വിഷയത്തിൽ റിപ്പോർട്ട് വന്ന ശേഷം തുടർ നടപടികളിലേക്ക് കടക്കും.
പല പ്രായത്തിലുള്ള 11 പെൺകുട്ടികൾക്ക് ലഹരി എത്തിക്കുന്നത് പ്രായപൂർത്തിയാകാത്ത പയ്യനാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരി നടത്തിയത്. കണ്ണൂരിലെ ഏറ്റവും വലിയ ലഹരി ഡീലർമാരിൽ ഒരാളാണ് ഈ പയ്യനെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു. തനിക്ക് കഞ്ചാവ് മാത്രമേ നൽകിയിട്ടുള്ളൂ എന്നും എന്നാൽ ചേച്ചിമാർക്ക് എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നൽകി പീഡിപ്പിക്കുന്നുണ്ടെന്നും പെൺകുട്ടി പറയുന്നു.
ഒമ്പതാംക്ലാസുകാരിയുടെ സഹപാഠിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഘത്തിൽ ക്യാരിയർമാരായും സ്കൂൾ വിദ്യാർത്ഥികളെ തന്നെയാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വിദ്യാർത്ഥികൾക്ക് ലഹരി എത്തിച്ച് നൽകുന്ന സംഘങ്ങൾ സജീവമാണ്.