മൂവാറ്റുപുഴ കച്ചേരിത്താഴത്ത് രൂപപ്പെട്ട വലിയ ഗർത്തം പൂർവ്വ സ്ഥിതിയിൽ ആക്കാൻ ഉള്ള ശ്രമം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ചൊവ്വാഴ്ച്ച രാത്രി 8 മണിയോടെ ആണ് ചെറിയ രീതിയിൽ ഗർത്തം രൂപപ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ ഗർത്തമായി മാറി. കച്ചേരിത്താഴം പുതിയ പാലത്തിന് സമീപമാണ് ഗർത്തം രൂപപ്പെട്ടത്.
ബിഎസ്എൻഎൽ കേബിളുകൾ കടന്നു പോകുന്ന കോൺക്രീറ്റ് ചേമ്പർ മണ്ണിലേക്ക് ഇരുന്ന് പോയതാണ് കുഴി രൂപപ്പെടുവാൻ ഉണ്ടായ കാരണം. കുഴി രൂപപ്പെട്ടതിനെ തുടർന്ന് വലിയ പാലത്തിൽ കൂടി ഉള്ള ഗതാഗതം പൂർണ്ണമായും തടസപ്പെട്ടിരിക്കുകയാണ്. പഴയ പാലത്തിൽ കൂടി ഒരു വശത്തേയ്ക്ക് മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്. ഇതേ തുടർന്ന് നഗരത്തിൽ രാവിലെ മുതൽ വലിയ ഗതാഗത കുറുക്കാണ് അനുഭവപ്പെടുന്നത്. പിഡബ്ല്യുഡി, ബിഎസ്എൻഎൽ, ഫയർ ഫോഴ്സ്, റവന്യൂ, പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിൽ എത്രയും വേഗം പണികൾ പൂർത്തീകരിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംഎൽഎ മാത്യു കുഴൽനാടൻ പറഞ്ഞു. കോൺക്രീറ്റ് ചേമ്പർ അതി സൂക്ഷമമായി ബിഎസ്എൻഎൽ കേബിളുകൾക്ക് കേടുപാടുകൾ സംഭവിക്കാത്ത വിധം പൊട്ടിച്ചു മാറ്റുന്നതിനാലാണ് നിർമ്മാണത്തിൽ താമസം നേരിടുന്നത്. വലിയ ഗതാഗതകുരുക്കിനെ തുടർന്ന് മൂവാറ്റുപുഴ നഗരത്തിലേക്ക് എത്താൻ ഉള്ള എല്ലാ റോഡുകളും തടസപ്പെട്ടിരിക്കുകയാണ്.