കണ്ണൂർ: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായ ബർലിൻ കുഞ്ഞനന്തൻ നായർ (97) അന്തരിച്ചു. കണ്ണൂരിലെ നാറാത്തുള്ള വീട്ടിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു. ബർലിനിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പത്രങ്ങളുടെ ലേഖകനായി പ്രവർത്തിച്ചു.
കമ്മ്യൂണിസ്റ്റ് ആശയ പ്രചരണത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന കുഞ്ഞനന്തൻ നായർ പി. കൃഷ്ണപിള്ള, എ.കെ. ഗോപാലൻ തുടങ്ങിയ നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടു. കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ കുഞ്ഞനന്തൻ പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാവുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന സമയത്ത്, പാർട്ടി നേതാക്കളേയും, സന്ദേശങ്ങളും സുരക്ഷിതമായി ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകുന്ന ചുമതലയാണ് കുഞ്ഞനന്തൻ നിർവ്വഹിച്ചിരുന്നത്. ഏതാനും വർഷങ്ങളായി സി.പി.എമ്മിലെ തെറ്റായ നയങ്ങളെ എതിർത്തതിനാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ എതിർപ്പിനു കാരണമായിരുന്നു. ദീർഘകാലം ജർമ്മനിയിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം സി.പി.എമ്മിന്റെ പ്രാദേശിക ഘടകത്തിൽ സജീവമാകുകയായിരുന്നു. എന്നാൽ, പാർട്ടിയുടെ എതിർപ്പിന് പാത്രമായ ഇദ്ദേഹത്തെ സി.പി.എം പുറത്താക്കുകയായിരുന്നു. പിന്നീട് തിരിച്ചെടുത്തു. പാർട്ടിയിലെ വിഭാഗീയത കാലത്ത് വി.എസ്. അച്യൂതാനന്ദനൊപ്പം നിലകൊണ്ട ബർലിൻ അവസാന കാലത്ത് പിണറായി വിജയന് അനുകൂലമായി നിലപാടെടുത്തിരുന്നു