കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് പയ്യാവൂര്‍ വണ്ണായിക്കടവ് സ്വദേശി തെരുവപ്പുഴയില് മാത്യു (സണ്ണി)- 72 നെ കാണാതായത്. പുഴയ്ക്ക് അക്കരെ നിന്നിരുന്ന പോത്തിനെ അഴിക്കാനായി പോയതായിരുന്നു മാത്യു. എന്നാല്‍ രാത്രി വൈകിയിട്ടും മാത്യു വീട്ടില്‍ എത്താതെ വന്നതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചത്. തിരച്ചിലിനൊടുവില്‍ പോത്തിനെ പുഴയ്ക്ക് അക്കരെ കാണപ്പെട്ടു. ഇവിടേക്ക് പുഴ മുറിച്ചു കടക്കവേ ഒഴുക്കില്‍പ്പെട്ടതാകാമെന്ന നിഗമനത്തിലാണ് നാട്ടുകാര്‍. വീട്ടുകാരുടെ പരാതിയില്‍ കുടിയാന്മല പോലീസ് കേസെടുത്തു. ഇരിട്ടി ഫയര്‍ഫോഴ്സിന്റേയും സിവില്‍ ഡിഫന്‍സ് സേനയുടേയും നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ തിരച്ചില്‍ ആരംഭിച്ചു. മഴ ശക്തിയായതിനാല്‍ പുഴയില്‍ നീരൊഴുക്ക് ശക്തമായിരുന്നു. ഒഴുക്കിനെ മറികടന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്സിന്റെ ഡിങ്കിയും തെരച്ചിലിനായി ഉപയോഗിച്ചിരുന്നു. പുഴയില്‍ കാണാതായെന്നു കരുതുന്ന ഭാഗത്തു നിന്നും മീറ്ററുകളുടെ അകലത്തില്‍ മരത്തിന്റെ വേരുകളില്‍ തങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് മാറ്റി. ഇരിട്ടി ഫയര്‍ സ്റ്റേഷന് ഓഫീസര്‍ കെ.രാജീവന്റെ നേതൃത്വത്തിലുള്ള സേനയാണ് തിരച്ചില്‍ നടത്തിയത്.