തരൂർ നല്ല എംപി, ബലൂൺ ചർച്ച ആവശ്യമില്ല; മെസിയെ ഓർമ്മിപ്പിച്ച് സതീശനെ തള്ളി മുരളീധരൻ
വാര്‍ത്തകള്‍ അറിയാന്‍ ഗ്രൂപ്പില്‍ അംഗമാകൂ
https://chat.whatsapp.com/KKCfTQ2bu3s294qzSFDOwv
ശശി തരൂരിനെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരൻഎം പി. ആളുകളുടെ വില കുറച്ചുകണ്ടാൽ ലയണൽ മെസിയുടെ അനുഭവമുണ്ടാകും. മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂണുകൾ, സൂചികൊണ്ട് കുത്തിയാൽ പൊട്ടുമെന്ന വി ഡി സതീശന്റെ പ്രസ്താവനയോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം. ശശി തരൂരിന്റെ മലബാറിലെ ജില്ലകളിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിൽ യാതൊരുവിധ വിഭാഗീയതയും ശശി തരൂർ നടത്തിയിട്ടില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തരൂർ ഒരു നേതാവിനെയും വിമർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസിക്ക് പറ്റിയത് പറ്റുമെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു. സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് ഇന്നലെ തലയിൽ മുണ്ടിട്ട് പോകേണ്ടി വന്നില്ലേ? ബലൂൺ ചർച്ചയൊന്നും ഇപ്പോൾ ആവശ്യമില്ല. അത് അദ്ദേഹത്തിന്റെ ശൈലിയിൽ പറഞ്ഞതായിരിക്കും. അതിനെ വേറെ രീതിയിൽ കാണേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
കോഴിക്കോട്ടെ പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തിൽ അന്വേഷണം വേണമെന്ന് എംകെ രാഘവൻ എംപിക്ക് ആവശ്യപ്പെടാം. അതിൽ തീരുമാനമെടുക്കേണ്ടത് മല്ലികാർജ്ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമാണ്. അത് അന്വേഷിക്കണമെന്ന ആവശ്യം തനിക്കില്ല. കാരണം, എനിക്കെല്ലാമറിയാം.പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോളുണ്ടെന്ന് കെ മുരളീധരൻ ഓർമ്മിപ്പിച്ചു.