2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ഇന്ത്യയിൽ വൻ കോളിളക്കമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ജന്മനാടായ ഗുജറാത്തിൽ പടർന്നുപിടിച്ച വർഗീയ കലാപം നിയന്ത്രിക്കുന്നതിൽ മോദി വഹിച്ച പങ്ക് പരിശോധിക്കുന്ന India: ‘The Modi Question’ ബിജെപിയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കിലെന്ന് കേന്ദ്രവും എന്ത് വിലകൊടുത്തും പ്രദർശിപ്പിക്കുമെന്ന് പ്രതിപക്ഷ പാർട്ടികളും പ്രഖ്യാപിച്ചതോടെ രാജ്യത്തുടനീളം സംഘർഷം ഉടലെടുത്തു. തെരുവുകൾ യുദ്ധക്കളമായി, സംഘർഷത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇന്ത്യയിൽ വിവാദമാകുന്ന ആദ്യത്തെ ഡോക്യുമെന്ററിയല്ല ഇത്. സർക്കാർ നിയന്ത്രണങ്ങൾ നേരിട്ട മറ്റ് ചില ഡോക്യുമെന്ററികൾ ഇതാ…
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ആദ്യത്തെ ഡോക്യുമെന്ററിയല്ല ‘The Modi Question’. പതിറ്റാണ്ടുകൾക്ക് മുമ്പ് രാകേഷ് ശർമ്മയുടെ സംവിധാനത്തിൽ ഫൈനൽ സൊല്യൂഷൻ എന്ന ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. ഗുജറാത്തിലെ വർഗീയ അക്രമങ്ങൾ ശ്രദ്ധാപൂർവ്വം ഏകോപിപ്പിച്ച് ആസൂത്രണം ചെയ്തത് നടപ്പിലാക്കിയതാണെന്ന് രാകേഷ് ശർമ്മ ഫൈനൽ സൊല്യൂഷനിലൂടെ പറഞ്ഞു. വർഗീയ കലാപത്തെ അതിജീവിച്ചവരുമായും സാക്ഷികളുമായും നടത്തിയ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നത്.