കല്‍പ്പറ്റ: മേപ്പാടി പോളിടെക്നിക് കോളേജില്‍ മയക്കുമരുന്ന് സംഘത്തിന്റെ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന എസ്എഫ്ഐ നേതാവ് അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവച്ച് പിതാവ്. മകള്‍ നടക്കാന്‍ തുടങ്ങിയെന്നും ശക്തമായി തിരിച്ചുവരുമെന്നും പിതാവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
എം.എസ്.എഫ്-കെ.എസ്.യു പിന്തുണയുള്ള ട്രാബിയോക്ക് എന്ന ലഹരിമാഫിയ സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതര പരിക്ക് പറ്റി ചികിത്സയിലായിരുന്നു അപര്‍ണ ഗൗരി. മേപ്പാടി പോളിടെക്നിക്കില്‍ യൂണിയന് തെരഞ്ഞെടുപ്പിന് നേതൃത്വം നല്കുന്നതിനിടയിലാണ് എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റായ അപര്‍ണയെ ക്യാംപസിലെ ലഹരിമാഫിയ സംഘം ക്രൂരമായി ആക്രമിച്ചത്. വേട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പായിരുന്നു അക്രമണം.
അപര്‍ണയുടെ മുടിക്ക് കുത്തിപ്പിടിച്ച് കോളേജ് മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വടി ഉപയോഗിച്ച് അടിക്കുകയും മതിലില്‍ നിന്ന് താഴെക്ക് തള്ളിയിടുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തിനിടെ അപര്‍ണയുടെ നെഞ്ചില്‍ ചവിട്ടുകയും അപര്‍ണ ബോധരഹിതയാവുകയും ചെയ്തിരുന്നു. ബഹളം കേട്ടെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്.
കോളേജിലെ എംഎസ്എഫും കെഎസ്യുവും വളര്‍ത്തിയ ട്രാബിയൊക്ക് എന്ന സംഘമാണ് അപര്‍ണയെ ആക്രമിച്ചതെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. തന്നെ ആക്രമിച്ചവര്‍ക്ക് സംരക്ഷണം ഒരുക്കിയത് കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധീഖാണെന്ന് അപര്‍ണ പറഞ്ഞിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥിക്കായി സമരം ചെയ്യുന്നത് യുഡിഎഫ് ജില്ലാ നേതൃത്വമാണെന്നും അപര്‍ണ പറഞ്ഞിരുന്നു. കേസില്‍ പ്രതികളായ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍രാജ്, അലന് ആന്റണി, മുഹമ്മദ് ഷിബിലി തുടങ്ങിയവരെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു.