ബീഹാറില്‍ മരിച്ച ബാസ്കറ്റ് ബോള്‍ താരം കെ.സി ലിതാരയുടെ വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക് അധികൃതര്‍. 16 ലക്ഷം രൂപ രണ്ട് മാസത്തിനകം അടച്ചില്ലെങ്കില്‍ ജപ്തി ചെയ്യുമെന്ന് കാനറ ബാങ്ക് അധികൃതര്‍ അറിയിച്ചു. വായ്പാ കുടിശിക അടയ്ക്കാത്തതോടെയാണ് ബാങ്ക് നിയമ നടപടികളിലേക്ക് കടക്കുന്നത്. മകളുടെ മരണത്തോടെ തുക തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ലെന്നും നടപടി നേരിടുകയേ മുന്നിലുള്ള വഴിയെന്നും ലിതാരയുടെ മാതാപിതാക്കള്‍ പറഞ്ഞു.
റെയിൽവേ ബാസ്കറ്റ് ബോൾ താരവും കോഴിക്കോട് കക്കട്ടിൽ പാതിരപ്പറ്റ സ്വദേശിയുമായ ലിതാരയെ പാറ്റ്നയിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. കോച്ച് രവി സിങിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ലിതാരയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
കോർട്ടിൽ ഒറ്റക്ക് പരിശീലനത്തിനെത്താൻ ലിതാരയെ കോച്ച് നിർബന്ധിക്കാറുണ്ടായിരുന്നു. കൊൽത്തയിൽ നടന്ന മത്സരത്തിനിടെ കൈയിൽ കയറി പിടിച്ചതോടെ ലിതാര ഇയാളെ മർദിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കോച്ച് രവി സിങിനെതിരെ ബന്ധുക്കൾ പട്ന രാജീവ് നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടെയാണ് ലിതാരയുടെ അമ്മക്ക് നേരെ കയ്യേറ്റം ഉണ്ടായിരിക്കുന്നത്.