തിരുവനന്തപുരം : യുവകമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളസർവകലാശാലയോട് വിശദീകരണം തേടും. രാജ്ഭവന് ലഭിച്ച പരാതികൾ ഗവർണർ കേരള വിസിക്ക് അയച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം ചങ്ങമ്പുഴ കവിത വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയെന്ന ഡോക്ടറേറ്റ് പ്രബന്ധത്തിലെ തെറ്റ് നോട്ടപ്പിശകും നോട്ടപ്പിശകും മാനുഷികപിഴവുമെന്ന് ചിന്ത ജെറോം. പുസ്തകരൂപത്തിലാക്കുമ്പോള്‍ തെറ്റുതിരുത്താന്‍ നടപടി തുടങ്ങി.
ആരോപണങ്ങളും പരാതികളും ഉയർന്ന സാഹചര്യത്തിൽ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം പരിശോധിക്കാന്‍ കേരള സര്‍വകലാശാല വിദഗ്ദസമിതിയെ വച്ചേക്കും. പ്രബന്ധത്തിലെ ഗുരുതരമായ തെറ്റുകള്‍ ചൂണ്ടിക്കാട്ടി പരാതി വ്യാപകമായതോടെയാണ് സമിതിക്ക് രൂപംനല്കുന്നത്. ഗുരുതരമായ തെറ്റുകള്‍ക്ക് പുറമെ കോപ്പിയടി നടന്നുവെന്ന പരാതി കൂടി ഉയര്‍ന്നതോടെയാണ് കേരള സര്‍വകലാശാല സമ്മര്‍ദത്തിലായത്. ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കേരള സര്‍വകലാശാലയുടെ ചുമതല വഹിക്കുന്ന ആരോഗ്യസര്‍വകലാശാല വി.സി മോഹനന് കുന്നുമ്മല്‍ ഇക്കാര്യത്തില്‍ വൈകാതെ നിര്‍ദേശം നല്‍കും. ഭാഷാ, സാഹിത്യ വിദഗ്ധര്‍ അടങ്ങുന്ന സമിതിയാകും രൂപീകരിക്കുക. കുഴപ്പം കണ്ടെത്തിയാല്‍ പിച്ച്ഡി റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റിന് സെനറ്റിനോട് ശുപാര്‍ശ ചെയ്യാം. സര്‍വകലാശാല സെനറ്റ് എടുക്കുന്ന തീരുമാനം ചാന്‍സലറായ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ പിഎച്ച്ഡി റദ്ദാവും. പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല. അന്വേഷിക്കാന്‍ സര്‍വകലാശാലയോട് ആവശ്യപ്പെടാം.
തെറ്റ് ചൂണ്ടിക്കാട്ടിയ വിമര്‍ശകരോട് നന്ദിയുണ്ടെന്നും ചിന്ത ജെറോം ചെറുതോണിയില്‍ പറഞ്ഞു.കോപ്പിയടി എന്ന് പറയാന്‍ കഴിയില്ല. നിരവധി ലേഖനങ്ങളിലെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ചിന്ത ജെറോം പറഞ്ഞു.പുസ്തകമാക്കുമ്പോള്‍ പിഴവ് തിരുത്തും. ബോധി കോമണ്‍സ് വെബ്സൈറ്റിലെ പ്രബന്ധത്തിലെ ആശയം ഉള്കൊണ്ടിട്ടുണ്ട.ഒരുവരിപോലും പകര്‍ത്തിയിട്ടില്ലെന്നും ചിന്ത പറഞ്ഞു.