ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ഷാരൂഖ് ഖാന്-ദീപിക പദുകോണ്‍ ചിത്രം പഠാന് ഇന്നലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ബോയ്ക്കോട്ട് പ്രചാരണങ്ങള്‍ വ്യാപകമായി നടന്നെങ്കിലും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡ് നടി കങ്കണ റണാവത്തും മുതര്‍ന്ന നടന് അനുപം ഖേറും അടക്കം പഠാനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
“പത്താൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാൽ കഴിയും വിധത്തിൽ ശ്രമിക്കുന്നത്”, എന്നായിരുന്നു കങ്കണ പറഞ്ഞത്. പഠാൻ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടി. അനുപം ഖേറും ചിത്രത്തെ പ്രശംസിച്ചു. പത്താൻ വലിയ ബജറ്റിൽ നിർമ്മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
ചിത്രം ബ്ലോക്ക്ബസ്റ്ററാവുമെന്നാണ് സിനിമാ നിരൂപകരുടെ അഭിപ്രായം. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ അതിഗംഭീരമാണെന്നും തരണ്‍ ആദര്‍ശ് അടക്കമുള്ള ബോളിവുഡ് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. ഇന്‍ഡോറിലും ബീഹാറിലും അടക്കം ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു.