കൊല്ലം: വടിവാള്‍ വീശിയ പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് പൊലീസ്. ഇന്‍ഫോപാര്‍ക്കില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി അടൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തിച്ച് മര്‍ദ്ദിച്ച കേസിലെ പ്രതികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടിയത്. കൊല്ലം കുണ്ടറ കരിക്കുഴിയില്‍ വെച്ചായിരുന്നു സംഭവം.
ഇന്നലെ രാത്രി കൊല്ലം കുണ്ടറ പടപ്പക്കരയിലാണ് സംഭവം നടന്നത്. ചെങ്ങന്നൂര്‍ സ്വദേശി ലെവിന്‍ വര്‍ഗീസിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിലെ മുഴുവന്‍ പ്രതികളെയും പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പൊലീസിന് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കേസില്‍ ആറുപ്രതികളെ പിടികൂടിയിരുന്നു. രണ്ടുപേര്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാനാണ് ഇന്‍ഫോപാര്‍ക്ക് സിഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുണ്ടറയില്‍ എത്തിയത്.
പ്രാണരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു. നാല് പേര് അടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടാനെത്തിയത്. ചെങ്ങന്നൂര്‍ സ്വദേശി ലിബിന് വര്‍ഗീസിനെ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിന്റെ അന്വേഷണത്തിനിടെയായിരുന്നു സംഭവം.