തൃക്കാക്കര തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ . പാർട്ടി അറിയാതെ നവമാധ്യമങ്ങളിൽ അരുൺകുമാറിന് വേണ്ടി പ്രചാരണം നടന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. എംഎൽഎമാർ അടക്കം പോസ്റ്റുകൾ ഷെയർ ചെയ്യുന്ന സാഹചര്യം ഉണ്ടായെന്നും ജില്ലാ നേതൃത്വത്തിനും വീഴ്ച്ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് ഉടൻ സമർപ്പിക്കും.
അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇതുവരെ പൂർണ്ണമായും പുറത്തുവന്നിട്ടില്ല. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്തായാലും അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും അതുപോലെ തന്നെ പ്രധാനപ്പെട്ട നേതാക്കളുടെയും ഒക്കെ തന്നെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടത് ചില എംഎൽഎമാരടക്കം സ്ഥാനാർഥി നിർണയത്തിന് മുൻപ്, തുടക്കം മുതലേ ഉയർന്നുവന്ന അഡ്വക്കേറ്റ് അരുൺകുമാറിൻറെ പേരും ചിത്രവുമൊക്കെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്ന സാഹചര്യമുണ്ടായി. ഫേസ്ബുക്കിൽ അടക്കം ഇത്തരം പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ഇതിനെ പിൻപറ്റിയാണ് പിന്നീട് അണികളും സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യാൻ തുടങ്ങിയത്. പക്ഷേ സ്ഥാനാർത്ഥിയായി വന്നത് ജോ ജോസഫ് ആയിരുന്നു. അണികൾക്കിടയിൽ ഇത് വലിയ ആശയക്കുഴപ്പം ഉണ്ടാക്കി. ഇത്തരത്തിലുള്ള പ്രവണതകൾ എങ്ങനെയാണ് ഉണ്ടായത്? ജില്ലാ നേതൃത്വം അറിയാതെ എങ്ങനെയാണ് അരുൺകുമാറിൻറെ പേര് ഉയർന്നുവരിക എന്നാണ് കമ്മീഷൻ അംഗങ്ങളായ എകെ ബാലനും ടിപി രാമകൃഷ്ണനും ചോദിച്ചിരിക്കുന്നത്.
ഉടൻ തന്നെ ഈ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്.