ഈ മാസം ആദ്യത്തിലാണ് ആമസോണിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചത്. ആമസോണിൽ ഏകദേശം 18,000 ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാൻ കമ്പനി മറ്റുവഴികള്‍ കൂടി തേടുമെന്നാണ് അറിയുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോൺ ഇപ്പോൾ ചില ഓഫീസുകൾ വിൽക്കാൻ പോകുന്നു.
നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഓഫീസ് വില്‍ക്കുന്നത്. കൂടാതെ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി കൂടുതൽ പേർക്ക് നോട്ടീസ് അയയ്ക്കും. ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുന്നത്. വാഷിങ്ടൺ സ്റ്റേറ്റ് എംപ്ലോയ്മെന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിന് നൽകിയ നോട്ടീസ് പ്രകാരം സിയാറ്റിലിൽ 1,852 പേരെയും ബെല്ലെവ്യൂ, വാഷിങ്ടണിൽ 448 പേരെയും പിരിച്ചുവിടാനാണ് സാധ്യത.
അതേസമയം, 18,000 ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ആമസോൺ ഉടൻ തന്നെ കൂടുതൽ പേർക്ക് നോട്ടീസ് അയയ്ക്കുമെന്ന് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റോയിട്ടേഴ്സ് റിപ്പോർട്ട് അനുസരിച്ച്, പിരിച്ചുവിടലിനെക്കുറിച്ച് അറിയിച്ചുകൊണ്ട് കമ്പനി ഇതിനകം തന്നെ 2,300 ജീവനക്കാർക്ക് മുന്നറിയിപ്പ് നോട്ടീസ് അയച്ചു.