കോട്ടയം: അനില്‍ അന്റണിക്ക് ഉപദേശവുമായി മുതിര്‍ന്ന നേതാവ് കെ. മുരളീധരന് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി, ഇന്ത്യയുടെ പരമാധികാരത്തിനു മേലുള്ള വെല്ലുവിളിയാണെന്ന പരാമാര്‍ശത്തിനൊടുവില്‍ കോണ്‍ഗ്രസിലെ പദവികളെല്ലാം രാജിവച്ച സാഹചര്യത്തിലാണ് ഉപദേശവുമായി കെ. മുരളീധരന് രംഗത്തെത്തിയത്.
വൈകാരികമായി എടുത്ത തീരുമാനം ആണെങ്കില്‍ അനില്‍ അത് തിരുത്തണം. ബിബിസി കാണിക്കുന്നത് സത്യമാണ്. എ.കെ. ആന്റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികള്‍ അനില്‍ എടുക്കരുത്. അനില്‍ ആന്റണി ബിജെപിയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും കെ. മുരളീധരന് പറഞ്ഞു.
ബിബിസി വിവാദത്തിനൊടുവില്‍, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് അനില്‍ ആന്റണി എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജിക്കത്ത് നല്‍കിയത്. കെപിസിസി ഡിജിറ്റല്‍ മീഡിയയുടെ കണ്‍വീനര്‍ സ്ഥാനവും, എഐസിസി ഡിജിറ്റല്‍ സെല്ലിന്റെ കോര്‍ഡിനേറ്റര്‍ സ്ഥാനവും രാജി വച്ചതായി അനില്‍ കഴിഞ്ഞ ദീവസം വ്യക്തമാക്കിയിരുന്നു.