കുറഞ്ഞ അവധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ക്രയ വിക്രയങ്ങള്‍ക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കണമെന്ന് രിസാല സ്റ്റഡിസര്‍ക്കിള്‍. കേരളത്തിന്റെ സാമ്പത്തിക, വിദ്യാഭ്യാസ, സാംസ്കാരിക വികസന പദ്ധതികളില്‍ പ്രവാസികള്‍ വഹിച്ച പങ്ക് ചെറുതല്ലെന്നും അതിനനുസരിച്ച് പരിഗണന പ്രവാസികള്‍ അര്‍ഹിക്കുന്നുണ്ടെന്നും പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് പ്രത്യേക പുനരധിവാസ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ആലോചനകള്‍ ഉണ്ടാകണമെന്നും റവന്യു മന്ത്രി കെ. രാജന് നല്കിയ നിവേദനത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു.
കുറഞ്ഞ അവധിയില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ക്രയ വിക്രയങ്ങള്‍ക്ക് നേരിടുന്ന കാലതാമസം ഒഴിവാക്കണം. ഇതിനായി ഡിജിറ്റല്‍ സംവിധാനം ഒരുക്കണം. എല്ലാ ജില്ലകളിലും പ്രവാസികള്‍ക്ക് ഓറിയന്റ്റെഷന്‍ സെന്റ്റര്‍, വിമാനക്കൂലിയിലെ അനിയന്ത്രിതമായ വര്‍ദ്ധനവ്, സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാന്‍ കക്ഷി രാഷ്ട്രീയ മുക്തമായ ചാനല്‍, ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ക്കായി സര്‍വകലാശാലകളുടെ ഓഫ് സെന്ററുകള്‍, പ്രവാസികള്‍ക്ക് മെഡിക്കല്‍- എഞ്ചിനീയറിംഗ് സീറ്റ് സംവരണം തുടങ്ങി പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് അനുഭാവ പൂര്‍വ്വം ഇടപെടലുണ്ടാകണമെന്നും രിസാല സ്റ്റഡി സര്‍ക്കിള്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ദമ്മാമില്‍ നവയുഗം സാംസ്കാരികവേദി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി കെ രാജന്. ആര്‍എസ്സിയെ പ്രതിനിധീകരിച്ച് നാഷനല്‍ സെക്രട്ടറിമാരായ സാദിഖ് സഖാഫി, അനസ് വിളയൂര്‍, ദമ്മാം സോണ്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ജിഷാദ് ജാഫര്‍, അല്‍ ഖോബാര്‍ സോണ്‍ ചെയര്മാന് ഉസ്മാന് കല്ലായി തുടങ്ങിയവര്‍ പങ്കെടുത്തു.