കൊല്ലം : പത്തനാപുരത്തും പാറശാലയിലും പുതിയ സാങ്കേതികവിദ്യയിൽ ഗ്രാമീണ റോഡുനിർമാണത്തിന് കരാറെടുത്ത ഉത്തരേന്ത്യൻ കമ്പനിയുടെ നിർമാണസാമഗ്രികൾ റെയിൽമാർഗം കൊല്ലത്തെത്തി. അവ ഇറക്കാനുള്ള താത്കാലിക സൗകര്യമൊരുക്കി കൊല്ലം റെയിൽവേ സ്റ്റേഷൻ വികസനത്തിൽ ഒരുചുവടുകൂടി മുന്നിലേക്ക്.
ഒരാഴ്ചമുമ്പാണ് ചണ്ഡീഗഢിൽനിന്ന് തീവണ്ടി പുറപ്പെട്ടത്. 32 ഫ്ളാറ്റ് വാഗണിലായി ജെ.സി.ബി., ജനറേറ്റർ, ബൊലെറോ, ടിപ്പറുകൾ എന്നിവ ഉൾപ്പെടെ 60 ഓളം വാഹനങ്ങളാണ് വെള്ളിയാഴ്ച കൊല്ലത്തെത്തിയത്. ഇത്രയും സാമഗ്രികൾ ഇവിടെയെത്തിയതിനു ചെലവായത് 45,42,871 രൂപയാണ്. 3211 കിലോമീറ്ററായിരുന്നു ദൂരം. റോഡുമാർഗം കൊണ്ടുവരാൻ ഇതിനെക്കാൾ സമയമെടുക്കുമെന്നുമാത്രമല്ല ചുരുങ്ങിയത് ഒന്നരക്കോടി രൂപയെങ്കിലും ചെലവാകും.
റോഡുമാര്‍ഗം കൊണ്ടുവരാൻ നിരവധി തടസങ്ങളാണ് മുന്നിലുണ്ടാവുക. ഗതാഗത തടസ്സം, ചെക്പോസ്റ്റുകളിലെ കാലതാമസം തുടങ്ങിയവയാണ് പ്രധാന തടസങ്ങൾ. റെയിൽവേ മാർഗം എത്തിച്ചതിലൂടെ ലാഭമാണുണ്ടായതെന്നും കരാര്‍ ഏറ്റെടുത്ത എല്‍എസ്ആര്‍ ഇന്‍ഫ്രാകോണ്‍ ഡയറക്ടര്‍ ലവ്ലീന്‍ ദാലിവാള്‍ പറഞ്ഞു. ഏറ്റവും ഹരിതസൗഹൃദമായ നിര്‍മാണരീതി, ചെലവുകുറവ് എന്നിവയാണ് ഗുണങ്ങള്‍. മറ്റ് റോഡുകളെക്കാള്‍ കൂടുതല്‍ കാലം നിലനില്ക്കുന്നതും എഫ്ഡിആര്‍ സാങ്കേതിക വിദ്യയുടെ മേൻമയാണ്. റാമ്പ് ഇല്ലാത്തതിനാല്‍ ഇവ ഇറക്കാന്‍ പ്രയാസമുണ്ടാവുമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. തുടർന്ന് സ്ഥലം സന്ദർശിക്കുകയും റെയില്‍വേ ഉദ്യോഗസ്ഥരുമായി ചര്‍ച്ചചെയ്തുമാണ് താത്കാലിക റാമ്പ് ഉണ്ടാക്കിയത്. മണല്‍ച്ചാക്കുകള്‍ അടുക്കി മണ്ണിട്ടുറപ്പിച്ച് ഉരുക്കുഷീറ്റുകളും മറ്റും ഉപയോഗിച്ചാണ് റാമ്പ് തയ്യാറാക്കിയത്.