കാസര്‍കോട്: പെരുന്നാളിന് പുതുവസ്ത്രം വാങ്ങാനെത്തിയ പതിനാറുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 25 വര്‍ഷം തടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം അധികതടവനുഭവിക്കണം. കളനാട് കീഴൂരിലെ സജീവനെ(56)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.മനോജ്കുമാര്‍ ശിക്ഷിച്ചത്.
പെരുന്നാളിന് പുതുവസ്ത്രം വാങ്ങാന്‍ കാസർഗോഡ് നഗരത്തിലെത്തിയ 16 വയസ്സുകാരനെ ജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് പ്രതി പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍വെച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2015 ജൂലൈയിലാണ് സംഭവം നടന്നത്. വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കാസർഗോഡ് ഇന്‍സ്പെക്ടര്‍ പി കെ സുധാകരന്, വിദ്യാനഗര്‍ എസ് ഐ എം ലക്ഷ്മണന് എന്നിവരാണ് ആദ്യം കേസന്വേഷിച്ചത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് വിദ്യാനഗര്‍ എസ് ഐയായിരുന്ന പി അജിത്ത് കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി പോക്സോ കേസ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.