ഗുവാഹത്തി: ശൈശവ വിവാഹം സംബന്ധിച്ച കേസുകളിൽ അസമിൽ 1800 പേർ അറസ്റ്റിലായതായി മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. ഇന്ന് പുലർച്ചെ തുടങ്ങിയ അറസ്റ്റ് നടപടികൾ കുറച്ചുദിവസത്തേക്ക് കൂടി നീളും. ‘ശൈശവവിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിലവിൽ സംസ്ഥാന വ്യാപകമായി അറസ്റ്റുകൾ നടക്കുന്നുണ്ട്. 1,800 പേരാണ് ഇതുവരെ അറസ്റ്റിലായത്. സ്ത്രീകൾക്കെതിരെ നടക്കുന്ന മാപ്പർഹിക്കാത്ത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ അസം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’. ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു.
പ്രായപൂർത്തിയെത്താത്ത പെൺകുട്ടികളെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസുകളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. “ശൈശവ വിവാഹ നിരോധന നിയമപ്രകാരം 1800ലധികം പേരാണ് ഇതുവരെ അറസ്റ്റിലായത്. സ്ത്രീകൾക്കെതിരായ ഈ നീചപ്രവർത്തി ചെയ്യുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഞാൻ അസം പൊലീസിനോട് പറഞ്ഞിരിക്കുന്നത്”. ഹിമന്ദ ബിശ്വ ശർമ്മ ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് ശൈശവ വിവാഹം നിരോധിക്കുന്നതിന് സർക്കാർ ശക്തമായ തീരുമാനമാണ് എടുത്തിട്ടുള്ളത്. 4004 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തുടർനടപടികൾ ഇന്ന് മുതൽ ആരംഭിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശൈശവ വിവാഹത്തിനെതിരെയുള്ള നടപടി ഒരു സമുദായത്തേയും മതത്തേയും ലക്ഷ്യംവെച്ചല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വിവാഹം നടത്തിക്കൊടുക്കുന്ന പുരോഹിതന്മാർക്കും പൂജാരിമാർക്കുമെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അസമിൽ മാതൃ ശിശു മരണ നിരക്ക് വളരെ കൂടുതലാണ്. ഇതിനു പ്രധാന കാരണം ശൈശവ വിവാഹമാണ്. സംസ്ഥാനത്ത് നടക്കുന്ന 31 ശതമാനം വിവാഹങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടേതാണെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു.