തുര്‍ക്കി: ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും മരിച്ചവരുടെ എണ്ണം 24,000 കടന്നു. വിമതരുടെ പിടിയിലുള്ള വടക്കു പടിഞ്ഞാറന്‍ സിറിയയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായമെത്തി. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് തുര്‍ക്കിയിലും സിറിയയിലും നൂറിലേറെ തുടര്‍ചലനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. 7.5 തീവ്രതയുള്ള തുടര്‍ചലനവും ഇതില്‍ ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളിലുമായി പരുക്കേറ്റവരുടെ എണ്ണം 80,768 ആമെന്നാണ് ഔദ്യോഗിക കണക്ക്. തുര്‍ക്കിയിലും സിറിയയിലും മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതിശൈത്യം രക്ഷാപ്രവര്‍ത്തനത്തെ ദുഷ്കരമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനിടയിലും പ്രതീക്ഷ നല്കുന്ന ചില വാര്‍ത്തകളും തുര്‍ക്കിയില്‍ നിന്ന് പുറത്തുവന്നു.
യുഎന്നിന്റെ രണ്ടാം ഘട്ട സഹായവും വഹിച്ചുള്ള ട്രക്കുകള്‍ വടക്കുപടിഞ്ഞാറന്‍ സിറിയയിലെത്തി. ബാബ് അല്‍ ഹവ ക്രോസിംഗ് പിന്നിട്ടാണ് സഹായം എത്തിച്ചത്. ടെന്റുകളും പുതപ്പുകളും ഭക്ഷണസാധനങ്ങളും ഇതിലുണ്ട്. ആദ്യ സഹായം വ്യാഴാഴ്ച എത്തിയിരുന്നു. കൂടുതല്‍ അടിയന്തര സഹായം സിറിയയിലേക്ക് ലോകരാഷ്ട്രങ്ങള്‍ എത്തിക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗാം ആവശ്യപ്പെട്ടിട്ടുണ്ട്.
യുദ്ധം വിതച്ച ദുരിതവും കോളറയും മോശം കാലാവസ്ഥയും ഇവിടുത്തെ ജനങ്ങള്‍ക്ക് വെല്ലുവിളിയാണ്. അലെപ്പോയില്‍ മാത്രം ഒരുലക്ഷം പേര്‍ക്ക് വീട് നഷ്ടമായെന്നാണ് കണക്ക്. 30000 പേരെ സ്കൂളുകളിലും പള്ളികളിലുമായി പുനരധിവസിപ്പിക്കാന്‍ കഴിഞ്ഞു. 70000 ഓളം പേര് അതിശൈത്യത്തില്‍ കഴിയുന്നത് വലിയ ആശങ്കയായി മാറുന്നു. വരുംദിവസങ്ങളില്‍ ഇവിടെ താപനില വീണ്ടും കുറഞ്ഞ് മൈനസ് രണ്ടിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്.