നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ് അധികൃതർ. സാനിറ്ററി നാപ്കിനിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. റിയാദിൽ നിന്ന് എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇന്ന് കസ്റ്റംസ് പിടിച്ചത് 582.64 ഗ്രാം സ്വർണമാണ്. ഇതിന് 30 ലക്ഷത്തോളം രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
തിരുവനന്തപുരത്ത് സ്വർണ്ണക്കടത്ത് നടത്തിയ 11 പേർ കഴിഞ്ഞ ദിവസം കസ്റ്റഡിയിലായിരുന്നു. പേട്ട പൊലീസാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ദുബായിയിൽ നിന്ന് വന്ന മുഹമ്മദ് ഷമീമാണ് സ്വർണം കടത്തിയത്. ഈ സ്വർണം മറ്റൊരു സംഘത്തിന് മറിച്ചു നൽകുകയായിരുന്നു. സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരുമായി തർക്കമുണ്ടായതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്. പേട്ട പൊലീസ് ഇവരെ കസ്റ്റംസിന് കൈമാറിയിരുന്നു,
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മൂന്ന് ദിവസം മുമ്പ് മൂന്നു കേസുകളിലായി 1 കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. കാസർഗോഡ് സ്വദേശികളായ അബ്ദുറഹിമാൻ (43), ഗഫൂർ അഹമ്മദ് (39), അബ്ദുൽ റഹിമാൻ (53) എന്നിവരാണ് പിടിയിലായത്. ചാർജിങ് അഡാപ്റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വർണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.