മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന് പൊലീസ് പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ (30) ആണ് 1253 ഗ്രാം സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് 70 ലക്ഷം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഷിജില്‍ കരിപ്പൂരിലെത്തിയത്.
പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ എക്സറേ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളില്‍ നാല് ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമിശ്രിതം കണ്ടെത്തിയത്.സ്വര്‍ണക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി കസ്റ്റംസിനും റിപ്പോര്‍ട്ട് നല്‍കും.