കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി യുവ ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പങ്കുവെച്ച് കുടുംബാംഗങ്ങള്‍. പൂര്‍ണമായും കത്തിയ കാറില്‍ നിന്നും ഇന്ധനത്തിന്റെ സാന്നിധ്യമുള്ള കത്താത്ത കുപ്പി ലഭിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂരിലുണ്ടായ അപകടത്തില്‍ കുറ്റിയാട്ടൂര്‍ സ്വദേശികളായ ടി.വി.പ്രജിത്ത് (35), ഗര്‍ഭിണിയായ ഭാര്യ കെ.കെ.റീഷ (26) എന്നിവരാണ് മരിച്ചത്.
ഇന്‍ഷുറന്‍സ് കമ്പനിയുമായുള്ള നഷ്ടപരിഹാര കേസിന് പുറമെ, കാര്‍ കമ്പനിക്കെതിരെയും നഷ്ടപരിഹാര കേസ് വരും. കാര്‍ ഉടമയ്ക്ക് ഉപഭോക്തൃ കോടതിയില്‍ കേസ് ഫയല്‍ചെയ്യാം. സാങ്കേതികത്തകരാര്‍ മൂലമല്ല തീപ്പിടിത്തമുണ്ടായതെന്ന് സ്ഥാപിക്കുന്നതിന് ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് കുടുംബം.അതേസമയം കുപ്പിയില്‍ അവശേഷിച്ചത് എന്താണെന്ന് പരിശോധിച്ച ശേഷമേ പറയാനാകൂയെന്ന് ഫൊറന്‍സിക് വിഭാഗം വ്യക്തമാക്കി. ഇക്കാര്യം ഞായറാഴ്ച പത്രസമ്മേളനത്തില്‍ പൊലീസ് കമ്മിഷണര്‍ അജിത്കുമാറും പറഞ്ഞു. കാറില്‍നിന്ന് ശേഖരിച്ച അവശിഷ്ടങ്ങള്‍ കോടതി മുഖേനയാണ് കണ്ണൂരിലെ റീജണല്‍ ഫൊറന്‍സിക് ലാബിലെത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ ഫലം കിട്ടുമെന്നാണ് ലഭിക്കുന്ന വിവരം.