അബുദാബിയില്‍ പുതിയ സൂപ്പര്‍ ഹൈവേ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. അല്‍ റീം ദ്വീപ്, ഉമ്മു യിഫീന ദ്വീപ്, ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന ഹൈവേയാണ് തുറന്നത്. 11 കിലോമീറ്ററാണ് ഹൈവേയുടെ നീളം. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉദ്ഘാടനം പാലം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് പാലം നിര്‍മ്മിച്ചത്. ആറ് വരി പാതയ്ക്ക് ഓരോ ദിശയിലും മണിക്കൂറില്‍ 6,000 വാഹനങ്ങളോളം ഉള്‍ക്കൊള്ളാന്‍ കഴിയും. പ്രധാന റോഡുകളിലൊന്നായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റും രണ്ട് ദ്വീപുകളും തമ്മില്‍ അതിവേഗ യാത്ര സാധ്യമാക്കുന്നതാണ് പുതിയ പാലം.
ട്രാഫിക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിയില്‍ പ്രഭാതനടത്തം, സൈക്ലിംഗ് പാതകള്‍, ബൈക്ക് വാടകയ്ക്കെടുക്കല്‍ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. ഷെയ്ഖ് ഖാലിദിനൊപ്പം മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് ചെയര്മാന് മുഹമ്മദ് അലി അല്‍ ഷൊറാഫയും ഉദ്ഘാടന ചടങ്ങിലെത്തി.