സിപിഐഎമ്മിൻ്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് വേണ്ടി മണൽ കടത്തുകാരനോട് പണം ആവശ്യപ്പെട്ട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. കോഴഞ്ചേരി, കുറിയന്നൂർ പള്ളിമുക്ക് ബ്രാഞ്ച് സെക്രട്ടറി അരുണാണ് മണൽ കടത്തുകാരനോട് പതിനയ്യായിരം രൂപ വേണമെന്ന് ആവശ്യപ്പെടുന്നത്. പണം നൽകിയില്ലെങ്കിൽ പൊലീസിനെക്കൊണ്ട് മണൽ കടത്ത് പിടിപ്പിക്കുമെന്നും അരുൺ ഭീഷണിപ്പെടുത്തുന്നുണ്ട്. മണൽ കടത്തുകാരനുമായുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം
സിപിഐഎമ്മിനുള്ളിൽ തെറ്റുതിരുത്തൽ രേഖ ചർച്ചയാവുകയും തിരുത്തൽ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവർത്തിച്ചു വ്യക്തമാക്കുന്നതിനിടെയാണ് നിയമവിരുദ്ധമായി പമ്പാനദിയിൽ നിന്ന് മണൽ കള്ളക്കടത്ത് നടത്തുന്ന ആളോട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സംസ്ഥാന സെക്രട്ടറിയുടെ ജാഥക്കായി പണം ചോദിച്ചത്. പതിനയ്യായിരം രൂപ തന്നില്ല എങ്കിൽ മണൽകടത്ത് പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും പണം നൽകിയാൽ എത്ര മണൽ വേണമെങ്കിലും വാരി കൊള്ളാനും കുറിയന്നൂർ പുളിമുക്ക് ബ്രാഞ്ച് സെക്രട്ടറിയായ അരുൺ മണൽ കടത്തുകാരനോട് പറയുന്നു. മൂവായിരം രൂപ നൽകാമെന്ന് മണൽ കടത്തുകാരൻ പറയുമ്പോൾ അത് പോരാ എന്നും പതിനയ്യായിരം രൂപ നൽകണമെന്നും വീണ്ടും ഭീഷണിപ്പെടുത്തുന്നുണ്ട്. പാർട്ടിയെ സഹായിച്ചാൽ നിങ്ങളെ ഞങ്ങൾ സഹായിക്കും. പാർട്ടിയെ സഹായിച്ചാൽ നിങ്ങക്ക് നിങ്ങടെ രീതി ചെയ്യാം എന്നും അരുൺ പറയുന്നു.