പന്തളം: പന്തളം സർവിസ് സഹകരണ ബാങ്കിലെ ജീവനക്കാരൻ സ്വർണാഭരണങ്ങൾ മറ്റു ബാങ്കിൽ പണയപ്പെടുത്തി ലക്ഷക്കണക്കിന് രൂപ തട്ടി. പണയ സ്വർണം എടുക്കാൻ ഇടപാടുകാർ വന്നപ്പോൾ സ്വർണം ബാങ്കിൽ കാണാതെ വന്നപ്പോഴാണ് പ്രശ്നമായത്. ഇതോടെ പന്തളം ജങ്ഷന് സമീപത്ത് പ്രവർത്തിക്കുന്ന ബാങ്ക് ഞായറാഴ്ച അർധരാത്രിയിൽ ഭരണസമിതയംഗങ്ങളും ജീവനക്കാരും ചേർന്ന് തുറന്നു പരിശോധിക്കുകയായിരുന്നു. സി.സി.ടി.വിയിൽ ജീവനക്കാരനായ അർജുൻ പ്രമോദിെൻറ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു.
സിപിഎം മുൻ പന്തളം ഏരിയ സെക്രട്ടറി പ്രമോദിന്റെ മകനാണ് സ്വർണം തിരിമറി നടത്തിയ അർജുൻ പ്രമോദ്. സജീവ പാർട്ടി പ്രവർത്തകനായ ഇയാള് സഹകരണ ബാങ്കിൽ ജോലിക്ക് കയറിയതും സിപിഎം ശുപാർശയിലാണ്. പാർട്ടിയുമായുള്ള ഈ അടുപ്പം തന്നെയാണ് ഗൗരവമേറിയ കുറ്റം ചെയ്തിട്ടും അർജുനെ നിയമ പരമായ നടപടികളിൽ നിന്ന് ബാങ്ക് ഭരണ സമിതി രക്ഷിക്കുന്നത്. എഴുപത് പവൻ സ്വർണം കൈമാറ്റം ചെയ്തിട്ടും സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയോ ബാങ്കിലെ സെക്രട്ടറിയോ പൊലീസിനെ അറിയിക്കാത്തതെ സംഭവം മറച്ച് വെച്ചു. എടുത്ത സ്വർണം തിരിച്ച് വച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളിലും പന്തളത്തെ ചില സിപിഎം നേതാക്കൾക്ക് പങ്കുണ്ട്. ബാങ്കിന്റെ പരാതി കിട്ടാതെ പൊലീസിനും നടപടി എടുക്കാൻ കഴിയില്ല.
അർജുൻ പ്രമോദിനെ ബാങ്കിൽനിന്നും പുറത്താക്കിയിട്ടുണ്ട്. സംഭവമറിഞ്ഞ് ഞായറാഴ്ച രാവിലെ മുതൽ യു.ഡി.എഫ് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി ബാങ്ക് മുന്നിൽ എത്തി. തിങ്കളാഴ്ച കൂടുതൽ രാഷ്ട്രീയകക്ഷികൾ പ്രതിഷേധവുമായി ബാങ്കിന് മുന്നിൽ എത്തും. എന്നാൽ, ഇത് സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ ബാങ്ക് ഉപരോധിച്ചു.