ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി ഇഷാൻ കിഷനിലും അർഷ്ദീപ് സിംഗിലുമെന്ന് മുൻ ദേശീയ താരവും പരിശീലകനുമായ അനിൽ കുംബ്ലെ. കിഷനും അർഷ്ദീപുമാവും ഇന്ത്യയുടെ അടുത്ത സൂപ്പർ താരങ്ങളെന്ന് കുംബ്ലെ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ബാറ്റർ ക്രിസ് ഗെയിൽ കുംബ്ലെയുടെ അഭിപ്രായത്തെ പിന്തുണച്ചു.
അർഷ്ദീപുമായി പഞ്ചാബ് കിംഗ്സിൽ ഒരുമിച്ചുണ്ടായിരുന്നതുകൊണ്ട് തന്നെ അവൻ്റെ വളർച്ച കാണാൻ സന്തോഷമുണ്ട്. ബൗളിംഗിൽ ഇന്ത്യയുടെ അടുത്ത സൂപ്പർ താരമാണ് അർഷ്ദീപ്. ബാറ്റർമാരെ എടുത്താൽ, ലഭിച്ച അവസരങ്ങൾ മനോഹരമായി വിനിയോഗിക്കുന്ന ഒരു താരം ഇഷാൻ കിഷനാണ്. അവൻ ഒരു ഡബിൾ സെഞ്ചുറി നേടി. അവനാവും അടുത്ത സൂപ്പർ താരം.”- ജിയോ സിനിമക്ക് നൽകിയ അഭിമുഖത്തിൽ കുംബ്ലെപറഞ്ഞു. ഈ അഭിപ്രായത്തെ ഗെയിൽ പിന്തുണച്ചു.
കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ടി-20യിൽ അരങ്ങേറിയ അർഷ്ദീപ് സിംഗ് 25 മത്സരങ്ങളിൽ നിന്ന് 39 വിക്കറ്റുകൾ വീഴ്ത്തി. 3 ഏകദിനങ്ങളും താരം ഇന്ത്യക്കായി കളിച്ചു. 24കാരനായ ഇഷാൻ കിഷൻ ഇന്ത്യക്കായി 13 ഏകദിനങ്ങളിലും 26 ടി-20കളിലും കളിച്ചു. ഏകദിനത്തിൽ മികച്ച റെക്കോർഡുകളുണ്ടെങ്കിലും കിഷൻ ടി-20യിൽ നിരാശപ്പെടുത്തുകയാണ്.
അതേസമയം, ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ ഈ അഭിപ്രായത്തെ എതിർത്തി. ഉമ്രാൻ മാലിലും തിലക് വർമയുമാവും ഇന്ത്യയുടെ അടുത്ത സൂപ്പർ താരങ്ങൾ എന്നാണ് പാർഥിവിൻ്റെ അഭിപ്രായം.