സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്റെ ഭീഷണി. തൃശൂര്‍ ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. സിപിഐ ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രനെയാണ് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കെ ഐ മഹേഷ് ഭീഷണിപ്പെടുത്തിയത്. സിപിഐഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതിനാണ് ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രദേശത്തെ സിപിഐഎമ്മിലെ ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ള പ്രവര്‍ത്തകര്‍ സിപിഐയിലേക്ക് മാറിയത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭീഷണി സന്ദേശത്തിലേക്ക് എത്തിയത്. സിപിഐഎം പ്രവര്‍ത്തകരെ ഇനിയും അടര്‍ത്തിക്കൊണ്ടുപോയാല്‍ വീട്ടില്‍ കയറി പറയേണ്ടിവരും, കേസുകൊടുത്താല്‍ രോമം കൊഴിഞ്ഞുപോകില്ല, അടിച്ച് തണ്ടെല്ല് തകര്‍ക്കും തുടങ്ങിയ ഭീഷണിയാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്.
ഭീഷണിപ്പെടുത്തിയെന്നിത് കാണിച്ച് പരാതി കൊടുക്കാനും സിപിഐഎം നേതാവ് പറയുന്നുണ്ട്. മഹേഷിന്റെ ആദ്യ ഭീഷണിയെ കുറിച്ച് ചാവക്കാട് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് ശാരീരികമായി ആക്രമിക്കുമെന്ന ഭീഷണിയുമുണ്ടായത്